1

തൃശൂർ: പ്രധാനമന്ത്രി കൃഷി സമ്മാൻ നിധിയിലെ അനർഹരെ കണ്ടെത്താൻ നടപടികൾ ഊർജ്ജിതമായി തുടരുന്നതിനിടെ അർഹരായ പലർക്കും കഴിഞ്ഞ ഗഡു തുക കിട്ടിയില്ലെന്ന് പരാതി. പണം കൈപ്പറ്റുന്നതിന് ആവശ്യമായ പുതുക്കിയ മാർഗനിദ്ദേശം പാലിച്ചിട്ടും ജില്ലയിൽ നിരവധി പേർക്ക് കഴിഞ്ഞ ആഴ്ച വിതരണം ചെയ്ത 2000 രൂപ ലഭിച്ചില്ലെന്നാണ് പരാതി.
ഓരോ കൃഷിഭവനുകൾക്ക് കീഴിലും നിരവധി പേർക്കാണ് കഴിഞ്ഞ 17ന് വിതരണം ചെയ്ത തുക ലഭിക്കാതിരുന്നത്. തുടക്കം മുതൽ തുക ലഭിച്ചിരുന്നവർ പോലും ലിസ്റ്റിൽ ഉൾപ്പെട്ടില്ല. കഴിഞ്ഞ മുപ്പതിന് മുമ്പ് ഇ.കെ.വൈ.സി നടത്താത്തവർക്ക് പണം ലഭിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതെല്ലാം നൽകിയവർക്കും തുക ലഭിച്ചില്ലെന്നാണ് ഇപ്പോഴത്തെ പരാതി. കൃഷി ഭവനിലെത്തുമ്പോൾ ഒരാഴ്ച കൂടി കാത്തിരിക്കാനുള്ള നിർദ്ദേശമാണ് നൽകുന്നത്.

അപേക്ഷകൾ സംബന്ധിച്ച പരിശോധനകൾ പൂർത്തിയാകാത്തതാണ് കാലതാമസത്തിന് കാരണം പറയുന്നത്.


സ്ഥലപരിശോധന അവസാന ഘട്ടത്തിൽ

കൃഷി സമ്മാൻ നിധി വാങ്ങുന്നവരുടെ സ്ഥലപരിശോധന ജില്ലയിൽ 60 ശതമാനത്തിലേറെ പൂർത്തിയായതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അപേക്ഷകർ സമർപ്പിച്ച ഭൂമി സംബന്ധിച്ച വിവരം സത്യമാണോയെന്ന പരിശോധനയാണ് നടത്തുന്നത്. ഇതിൽ അനർഹരെ കണ്ടെത്തിയവരുടെ ലിസ്റ്റ് തയ്യാറാക്കി വരികയാണ്. പരിശോധനകൾ പൂർത്തിയായ ഓരോ വാർഡിലേയും ലിസ്റ്റ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ലിസ്റ്റിൽ ഉൾപ്പെടാത്താവർ കഴിഞ്ഞ മുപ്പതിന് മുമ്പ് നിർദ്ദേശം പാലിക്കണമെന്നും അറിയിച്ചിരുന്നു.


ജപ്തി നടപടിക്ക് തുടക്കം

സർക്കാർ ജോലിക്കാർ, ഇൻകം ടാക്‌സ് അടയ്ക്കുന്നവർ തുടങ്ങി കൃഷി സമ്മാൻ നിധി കൈപ്പറ്റിയവരിൽ നിന്ന് പണം തിരിച്ചു പിടിക്കാനുള്ള നടപടികൾ വേഗത്തിലാക്കി അധികൃതർ. പല തവണ നോട്ടീസ് അയച്ചിട്ടും പണം തിരിച്ചടക്കാതിരിക്കുന്നവരിൽ ജപ്തി നടപടികളിലൂടെ തിരിച്ചു പിടിക്കാനുള്ള നീക്കമാണ് ഊർജ്ജിതമാക്കിയത്. ഈവിധം ജില്ലയിൽ 3000ലേറെ പേരുണ്ടെന്നാണ് വിവരം. സ്ഥലപരിശോധനകളും മറ്റും പൂർത്തിയാകുന്നതോടെ എണ്ണം വർദ്ധിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.