തൃശൂർ: സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി ആറുമാസം പിന്നിടുമ്പോൾ ജില്ലയിൽ പുതുതായി നിലവിൽ വന്നത് 6,856 സംരംഭങ്ങൾ.
ചാവക്കാട് താലൂക്ക് വ്യവസായ ഓഫീസിന് കീഴിൽ 1044 സംരംഭങ്ങളും കൊടുങ്ങല്ലൂർ 613 സംരംഭങ്ങളും ആരംഭിച്ചു. തൃശൂർ - 2000, മുകുന്ദപുരം - 1854, തലപ്പിള്ളി - 1345 എന്നിങ്ങനെയാണ് മറ്റ് താലൂക്ക് വ്യവസായ ഓഫീസുകൾക്ക് കീഴിൽ തുടങ്ങിയ സംരംഭങ്ങളുടെ കണക്ക്. അടുത്ത മാർച്ച് 31ന് മുൻപായി 13,533 സംരംഭങ്ങളാണ് ജില്ലയിൽ ആരംഭിക്കേണ്ടത്.
മൂലധന നിക്ഷേപം 366.3 കോടി
366.3 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ജില്ലയിൽ ഇതുവരെ ഉണ്ടായത്. 14,741 പേർക്ക് പുതുതായി തൊഴിൽ നൽകാനായി. കൂടുതൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ജില്ലയിലെ എല്ലാ നിയമസഭാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു.
ഹെൽപ്പ് ഡെസ്ക്
സംരംഭക വർഷത്തിന്റെ ഭാഗമായി സംരംഭകർക്ക് കൈത്താങ്ങാകാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെൽപ് ഡെസ്‌ക് സംവിധാനം ആരംഭിച്ചിട്ടുണ്ട്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഇന്റേൺസിന്റെ സേവനം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സംരംഭകത്വ ഹെൽപ് ഡെസ്‌കുകൾക്ക് രൂപം നൽകിയത്.
ഗുരുവായൂർ നഗരസഭ ഒന്നാമത്
വ്യവസായ വാണിജ്യ വകുപ്പിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതി ആറ് മാസം പിന്നിടുമ്പോൾ ജില്ലയിൽ ഒന്നാമതായി ഗുരുവായൂർ നഗരസഭ. 85 പുതിയ യൂണിറ്റുകളാണ് നഗരസഭാ പരിധിയിൽ ആരംഭിച്ചത്. ഇതുവഴി 196 പേർക്ക് തൊഴിലും 3.93 കോടി നിക്ഷേപവും ലഭ്യമായി.