പുനർഗേഹം പദ്ധതിയിൽ നിർമ്മിച്ച വീടുകളിലൊന്ന്.
കൊടുങ്ങല്ലൂർ: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനർഗേഹം പദ്ധതി കയ്പമംഗലം മണ്ഡലത്തിൽ ലക്ഷ്യത്തിലേക്ക്. ഇതോടെ കടലാക്രമണ മേഖലയായ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകൾക്ക് പദ്ധതി ഏറെ ആശ്വാസമായി. തീരദേശത്തിന്റെ വേലിയേറ്റ മേഖലയിൽ നിന്ന് 50 മീറ്റർ ദൂരപരിധിയിൽ അതിവസിക്കുന്നവരെ പുനരധിവസിപ്പിക്കാൻ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണിത്.
നിർമ്മാണം പുരോഗമിക്കുന്ന വീടുകൾ ഈ സാമ്പത്തിക വർഷത്തോടെ പൂർത്തിയാക്കി പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കുമെന്ന് പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, ബിന്ദു രാധാകൃഷ്ണൻ, എം.എസ്. മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ചന്ദ്രബാബു, വൈസ് പ്രസിഡന്റുമാരായ വി.എസ്. രവീന്ദ്രൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സി. ഷാജി, ലീന തോമസ്, രഞ്ജിനി കെ. ദാസൻ തുടങ്ങിയവർ പങ്കെടുത്തു.
പുനർഗേഹം പദ്ധതി
ഒരു കുടുംബത്തിന് രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ ഏകദേശം 75,000 രൂപ സർക്കാർ ഇളവ് നൽകിയും 10 ലക്ഷം പദ്ധതി വിഹിതവുമായും നൽകുന്ന പദ്ധതിയാണ് പുനർഗേഹം പദ്ധതി. വിവിധ പഞ്ചായത്തുകളിലായി 346 പേർക്കാണ് പുനർഗേഹം പദ്ധതിയിലൂടെ പുതിയ സ്ഥലവും വീടും മണ്ഡലത്തിൽ ഒരുങ്ങുന്നത്. ഇതിൽ 334 പേരും പുതിയ ഭൂമി കണ്ടെത്തിയവരാണ്. ഇതിൽ 257 പേർ രജിസ്‌ട്രേഷൻ പൂർത്തികരിച്ചിട്ടുണ്ട്. ഇവരിൽ 206 കുടുംബങ്ങൾ പുതിയ വീടുകളിലേക്ക് താമസം മാറ്റി.