1

തൃശൂർ: വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഉദ്ദേശിച്ചുള്ള മൈ റേഡിയോ 90 എഫ്.എം കമ്യൂണിറ്റി റേഡിയോ നവംബർ ഒന്നിന് പ്രവർത്തനം ആരംഭിക്കുമെന്ന് ടി.എൻ. പ്രതാപൻ എം.പി അറിയിച്ചു. ഒന്നിന് വൈകിട്ട് അഞ്ചിന് ലുലു കൺവെൻഷൻ സെന്ററിൽ മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ ജയസൂര്യ ഉദ്ഘാടനം ചെയ്യും. തൃശൂർ ആസ്ഥാനമായുള്ള സ്‌നേഹപൂർവം എഡ്യുക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് മൈ റേഡിയോ പ്രവർത്തിക്കുക. വിനോദത്തിലൂടെ വിജ്ഞാനം എന്ന ആശയത്തിലൂന്നിയുള്ള പരിപാടികളാണ് റേഡിയോയിൽ പ്രധാനമായും ഉണ്ടാവുക. വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണർവേകുന്ന പരിപാടികൾ ഒരുക്കുന്നതിനിന് അദ്ധ്യാപകരുടെയും വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും വിദ്യാർത്ഥികളുടെയും പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. സ്‌കൂളുകളിലും ക്യാമ്പസുകളിലും റേഡിയോ ക്ലബ്ബുകളും രൂപീകരിക്കും.
ഉദ്ഘാടനച്ചടങ്ങിൽ ക്യാമ്പസ് റേഡിയോയുടെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണനും സ്‌കൂൾ റേഡിയോ ക്ലബ്ബുകളുടെ ഉദ്ഘാടനം മേയർ എം.കെ. വർഗീസും റേഡിയോ സ്റ്റേഷൻ തറക്കല്ലിടൽ എം.എ. യൂസഫലിയും യു ട്യൂബ് ചാനൽ ഉദ്ഘാടനം സി.പി. സാലിഹും നിർവഹിക്കും. പ്രത്യേക തപാൽ കവർ സത്യൻ അന്തിക്കാട് പ്രകാശനം ചെയ്യും. വിലങ്ങൻകുന്നിലാണ് സ്റ്റേഷൻ സ്ഥാപിക്കുക.
വിദ്യാർത്ഥികളിൽ നിന്ന് റേഡിയോ ജോക്കികളെയും മറ്റും കണ്ടെത്തുന്നതിനും അവർക്ക് പരിശീലനം നൽകുന്നതിനും ക്യാമ്പസുകളിൽ ടാലന്റ് ഹണ്ട് സംഘടിപ്പിക്കുമെന്ന് കമ്യൂണിറ്റി റേഡിയോയുടെ സ്റ്റേഷൻ ഡയറക്ടർ എം.പി. സുരേന്ദ്രൻ, ജലീൽ വലിയകത്ത് എന്നിവർ അറിയിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഗാനോത്സവവും നൃത്ത സംഗീത ശിൽപ്പവും ഉണ്ടാവും.