exsis

കുന്നംകുളം: കാണിപ്പയ്യൂർ മേഖലയിൽ വൻ വാറ്റുകേന്ദ്രം കണ്ടെത്തി. 300 ലിറ്റർ വാഷും വാറ്റാനായി ഉപയോഗിക്കുന്ന അടുപ്പ്, ഗ്യാസ്‌കുറ്റി, പത്രങ്ങൾ തുടങ്ങിയ ഉപകരണങ്ങളും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ചൊവ്വാഴ്ച്ച വൈകിട്ട് 4.30ഓടെ കാണിയ്യൂർ പോട്ടക്കുളം മേഖലയിലെ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ അനധികൃതമായി സൂക്ഷിച്ച വാറ്റും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം കണ്ടെത്തിയത്. മേഖലയിലെ പള്ളിപ്പെരുന്നാളുകളുടെ ഭാഗമായി വിൽപ്പന നടത്തുന്നതിനാണ് വൻതോതിൽ വാറ്റ് നിർമ്മിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ വാഷ് സംഭവസ്ഥലത്ത് വച്ച് തന്നെ എക്‌സൈസ് സംഘം ഒഴിച്ചു കളഞ്ഞ് നശിപ്പിച്ചു. ഒരു വലിയ ഡ്രമ്മിലും രണ്ട് ചെറിയ ഡ്രമ്മുകളിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്. വാഷ് നിർമ്മിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പ്രതിയെ പിടികൂടുമെന്നും എക്‌സൈസ് ഓഫീസർ ടി.എ. സജീഷ് കുമാർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർമാരായ എൻ.ആർ. രാജു, എ.സി. ജോസഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിതീഷ്, സംഗീത് എന്നിവരടങ്ങുന്ന സംഘമാണ് വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്.