ചാലക്കുടി: വികസന കുതിപ്പിൽ മുന്നേറുന്ന ചാലക്കുടി താലൂക്ക് ആശുപത്രിക്ക് കളങ്കമായി ഡോക്ടമാരുടെ നിഷേധാത്മക നിലപാട്. ഉച്ചസമയങ്ങളിൽ എത്തുന്ന രോഗികളെ നോക്കാൻ ആളില്ലാത്ത അവസ്ഥയാണ് ഇവിടെ. ഇന്നലെ പന്ത്രണ്ട് മണിയോടെ എത്തിയ രോഗികൾ വൈകുന്നേരത്തെ ഒ.പി വിഭാഗം പ്രവർത്തിക്കുന്നതുവരെ കാത്തിരിക്കേണ്ട സ്ഥിതിയിലായി. കടുത്ത പനിയും തലവേദനയുമായി എത്തിവരും ഇതിലുണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് 2ന് ആരംഭിക്കുന്ന സായാഹ്ന ഒ.പിവരെ ഇവർ കാത്തിരുന്നു. രാവിലെ എട്ടിന് ആരംഭിക്കുന്ന ഒ.പി വിഭാഗം ഉച്ചയ്ക്ക് 1 മണിവരെ നീളുമെങ്കിലും പന്ത്രണ്ടരയോടെ ഇതിന്റെ ടോക്കൺ വിതരണം നിറുത്തും. തുടർന്നെത്തുന്ന രോഗികളാണ് നട്ടം തിരിയുന്നത്. പനിയടക്കമുള്ളവ പിടിപെട്ട് വിറച്ചെത്തുന്നവർക്ക് പോലും അത്യാഹിത വിഭാഗത്തിലെ ജീവനക്കാരുടെ പരിഹാസം കേൾക്കേണ്ട സ്ഥിതിയാണ്. രോഗികളെ കാര്യം പറഞ്ഞു ഫലിപ്പിക്കാൻ പോലും ഇവർ മിനക്കെടാറില്ല. രോഗികളോട് ധിക്കാരപരമായി പെരുമാറിയ ഒരു ജീവനക്കാരിയെ ഇന്നലെ ആശുപത്രി സൂപ്രണ്ട് താക്കീത് ചെയ്തു. അത്യാഹിത വിഭാഗത്തിലിരിക്കുന്ന ഡോക്ടർമാരുടെ പെരുമാറ്റവും വളരെ തരംതാഴ്ന്ന രീതിയിലാണ്. രണ്ടുമാസം മുൻപുണ്ടായ ഇത്തരം സംഭവത്തിൽ ഒരു ഡോക്ടറുടെ പേരിൽ ഡി.എം.ഒ തലത്തിൽ അന്വേഷണം നടന്നു വരുന്നു. സൂപ്രണ്ടിനു പോലും പലപ്പോഴും നിയന്ത്രിക്കാൻ പറ്റാത്ത പ്രശ്‌നങ്ങൾ ആശുപത്രിയിൽ അരങ്ങേറുന്നുണ്ട്. രാവിലെ 8ന് ഡ്യൂട്ടിയ്ക്ക് എത്തേണ്ട ഡോക്ടർമാർ പലപ്പോഴും ഒരു മണിക്കൂറിൽ അധികം വൈകിയാണ് എത്തുന്നത്. ദിനംപ്രതി ആയിരത്തോളം രോഗികളെത്തുന്ന ഇവിടെ ഡോക്ടർമാരുടെ എണ്ണക്കുറവും മറ്റൊരു പ്രശ്‌നമാണ്.

കടുത്ത പനിയും തലവേദനയുമായെത്തിയ മകന് ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിക്കൂർ ഒ.പി ഡോക്ടരെ കാത്തിരുന്ന അവസ്ഥയുണ്ടായി.
-ഹരിദാസ് ചെമ്പകശേരി,
മുരിങ്ങൂർ.

അവസ്ഥ ഇങ്ങനെ