
തൃപ്രയാർ: 50 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി കയ്പമംഗലം സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വഞ്ചിപ്പുര സ്വദേശി കൈതവളപ്പിൽ പത്മരാജ് (41) ആണ് അറസ്റ്റിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സച്ചിനും സംഘവും ചേർന്ന് എടമുട്ടം പാലപ്പെട്ടി ഭാഗത്ത് വിൽപ്പനക്കായി കൊണ്ടുവന്ന 25 ലിറ്റർ ചാരായവുമായി പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തതിനെ തുടർന്ന് കയ്പമംഗലത്തെ വീട്ടിൽ നിന്നും 25 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. എക്‌സൈസ് ഓഫീസർമാരായ എ.ബി. സുനിൽകുമാർ, കെ.ആർ. ഹരിദാസ്, ടോണി വർഗീസ്, ടി.ആർ. സുനിൽ, പി. ജെയ്‌സൺ, ഇ. അനീഷ്, പോൾ, പി.എ. ബിജി, വി. രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.