
തൃശൂർ: കൃഷി വിജ്ഞാന കേന്ദ്രവും വനംവകുപ്പുമായി ചാലക്കുടി വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിലെ ദമ്പതിമാർ കൈകോർത്തപ്പോൾ പിറന്നത് വനവിഭവങ്ങളുടെ തനിമ ചോരാത്ത തേനൂറും വിഭവങ്ങൾ. വർഷങ്ങളായി വനവിഭവങ്ങൾ ശേഖരിച്ചു ജീവിക്കുന്ന ശേഖർ - അനിത, രാജേന്ദ്രൻ - അശ്വതി, ജോബീന്ദ്രൻ - വസന്ത ദമ്പതികളാണ് പ്രകൃതിദത്തമായ തേനും പഴങ്ങളും ഉപയോഗിച്ച് വിഭവങ്ങളുണ്ടാക്കിയത്.
പ്രാഥമിക വിദ്യാഭ്യാസമുള്ള ഇവർ ശാസ്താംപൂവം സ്വയംസഹായ സംഘം, ആനപ്പാന്തം വനസംരക്ഷണ സമിതി അംഗങ്ങളാണ്. പഞ്ചസാരയ്ക്കു പകരം തേനാണ് ജാമിൽ ഉപേയോഗിച്ചിട്ടുള്ളത്.
തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിലും കോളനിയിലും വച്ചു രണ്ടാഴ്ചത്തെ പരിശീലനം ഇവർക്ക് നൽകി. വനം വകുപ്പിന്റെ വെള്ളിക്കുളങ്ങര റേഞ്ചാണ് സംരംഭത്തിന് പ്രചോദനം നൽകിയത്.
മാമ്പഴം, തേൻ, ഏത്ത, അത്തിപ്പഴങ്ങൾ എന്നിവ ചേർത്തുള്ള ജാമും ഡീഹൈഡ്രേറ്റഡ് ബനാന ഫിഗും ഇവർ ഉണ്ടാക്കി.
വിപണനത്തിനും സൗകര്യം
വനവിഭവങ്ങളിൽ നിന്ന് ആദ്യമായാണ് കോളനി നിവാസികൾ മൂല്യവർദ്ധിത വസ്തുക്കൾ ഉണ്ടാക്കിയത്. ചാലക്കുടി വനം ഡിവിഷനു കീഴിലുള്ള ഇക്കോ ഷോപ്പിലൂടെയും പ്രദർശനമേളകളിലെ സ്റ്റാളുകൾ വഴിയുമാണ് വിൽപന. കാട്ടുതേൻ, ഇഞ്ച, ഓരില തുടങ്ങിയ വനവിഭവ ശേഖരണമാണ് ഇവരുടെ പ്രധാന വരുമാനമാർഗം. വനസംരക്ഷണ സമിതി വഴി വനംവകുപ്പ് വിഭവങ്ങൾ വാങ്ങും. കഴിഞ്ഞ വർഷം വകുപ്പ് 18.5 ലക്ഷം വനവിഭവ ശേഖരണത്തിനായി നൽകി. 65 ഓളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
വില (150 ഗ്രാമിന്)
ഹണി ബനാന സ്‌പ്രെഡ് - 60
മാംഗോ ഹണി ജാം - 70
ഡീഹൈഡ്രേറ്റഡ് ബനാന ഫിഗ് - 30 (50 ഗ്രാം)
സംരംഭം തുടങ്ങാൻ പരിശീലനവും ഉത്പന്നം രൂപകൽപ്പന ചെയ്യാൻ സൗജന്യ കൺസൾട്ടൻസി സേവനവും കൃഷിവിജ്ഞാന കേന്ദ്രം നൽകുന്നുണ്ട്.
- ഡോ. അനീന, കൃഷി വിജ്ഞാന കേന്ദ്രം