 
തൃപ്രയാർ: ഗുരുദേവ മാഹാത്മ്യം കഥകളിക്കു പിറകെ കൈക്കൊട്ടിക്കളിയും അരങ്ങത്തേക്ക്. ഗുരുദേവമാഹാത്മ്യത്തിലെ 'വർണവ്യത്യാസമേതുമുണ്ടോ...' എന്ന കഥകളിപദം കൈക്കൊട്ടികളിക്കായി ചിട്ടപ്പെടുത്തിയാണ് അരങ്ങിലെത്തിച്ചത്. കളിമണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന ഗുരുദേവ മാഹാത്മ്യം കൈകൊട്ടിക്കളിയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി വലപ്പാട് ശാഖാ ഹാളിൽ കലാമണ്ഡലം ഗണേശൻ നിർവഹിച്ചു.
ഗുരുദേവ ശ്ലോകവും തുടർന്നുള്ള പദവ്യത്യാസങ്ങളും നടത്തിയ ഗണേശന്റെ പദങ്ങൾക്ക് കലാമണ്ഡലം ശ്രീകലയാണ് ന്യത്താവിഷ്‌കാരം ഒരുക്കിയത്. ഗുരുദേവ മാഹാത്മ്യം കഥകളിയുടെ വരികൾ തന്നെയാണ് ഇതിനായും ചിട്ടപ്പെടുത്തിയെടുത്തത്. ഗുരുദേവന്റെ പദങ്ങൾ മാത്രം ചേർത്ത് കോർത്തിണക്കി മൂന്ന് ശ്ലോകങ്ങൾ കൂടുതലായി ചേർത്തിട്ടുണ്ട്. ഗണപതി, സരസ്വതി, ഗുരുദേവൻ എന്നിവരുടെ വന്ദനവും കൂട്ടിച്ചേർത്തു.
ഉദ്ഘാടനച്ചടങ്ങിൽ കളിമണ്ഡലം വനിതാവിഭാഗം ഗുരുമണ്ഡലം കൈക്കൊട്ടിക്കളി സംഘം രൂപീകരിച്ചു. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ വനിതാ സംഘത്തിനാണ് പൂർണനേതൃത്വം. വനിതാസംഘം പ്രസിഡന്റ് ബിന്ദു മനോജ് സംഘം രൂപീകരണ പ്രഖ്യാപനം നടത്തി. യോഗത്തിൽ ഷീജ മുരളി അദ്ധ്യക്ഷയായി. ഗുരുവന്ദനവും കൈക്കൊട്ടിക്കളി സമർപ്പണവും ബീന സദാനന്ദൻ നിർവഹിച്ചു. കളിമണ്ഡലം ചെയർമാൻ സദു എങ്ങൂർ, നീതു എങ്ങൂർ, വേളയിൽ ഗോപാലൻ എന്നിവർ സംസാരിച്ചു.
ഗുരുദേവന്റെ ആട്ടക്കഥയിൽ ഗുരുദേവന്റെ പദങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ആവിഷ്‌കാരമാണിത്. ഗുരുദേവ മാഹാത്മ്യം ആട്ടക്കഥയുടെ രചന ഒരു നിയോഗമായിരുന്നു. ഗുരുദേവമാഹാത്മ്യം കഥകളി 10 വർഷം കളിച്ചു. ഗുരുദേവന്റെ പദങ്ങൾ കൈക്കൊട്ടിക്കളിയുടെ രൂപത്തിലേക്കും ഭാവത്തിലേക്കും മാറ്റിയെഴുതുന്നതും വിജയമാകുമെന്നാണ് പ്രതീക്ഷ.
- കലാമണ്ഡലം ഗണേശൻ