 
തൃശൂർ: മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകാലികൾക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ പോലും ലഭിക്കുന്നില്ലെന്ന പരാതിയുമായി ക്ഷീര കർഷകർ. പാലിന് വിലയില്ലാതെയും കാലിത്തീറ്റ വില കുതിച്ചുയർന്നും നട്ടം തിരിയുന്നതിനിടെ ഇൻഷ്വറൻസ് പരിരക്ഷ കൂടിയില്ലാത്തത് ദുരിതമാകുന്നുണ്ട്.
ബഡ്ജറ്റിൽ ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് ഫണ്ട് വകയിരുത്തിയെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും സാമ്പത്തിക വർഷം തുടങ്ങി ആറു മാസം കഴിഞ്ഞിട്ടും തുക എത്തിയിട്ടില്ല. തെരുവുനായ്ക്കൾ, ഇഴ ജന്തുക്കൾ, വന്യ ജീവികൾ എന്നിവയുടെ ആക്രമണം, മറ്റ് രോഗങ്ങൾ എന്നിവ മൂലം പലയിടങ്ങളിലും കന്നുകാലികൾക്ക് ജീവൻ നഷ്ടപ്പെടുമ്പോൾ നഷ്ടപരിഹാരം പോലും ലഭിക്കാത്ത സാഹചര്യമുണ്ട്.
ഓരോ വർഷവും മേയ്, ജൂൺ മാസങ്ങളിൽ ഇൻഷ്വറൻസ് പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കാറുണ്ടെങ്കിലും ഒക്ടോബർ മദ്ധ്യമെത്തിയിട്ടും എങ്ങുമെത്തിയിട്ടില്ല.
ഗോ സമൃദ്ധി പേരിന് മാത്രം
കന്നുകാലികൾക്ക് ജീവഹാനിയുണ്ടായാൽ ക്ഷീരകർഷകരുടെ നഷ്ടം പരിഹരിക്കാൻ ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയിരുന്നു. ഇതുപ്രകാരം ഉരുക്കളുടെ മരണം/ ഉത്പാദന പ്രത്യുൽപാദന ക്ഷമതാ നഷ്ടം എന്നിവ സംഭവിച്ചാൽ ഇൻഷ്വർ ചെയ്യുന്ന മതിപ്പുവില ക്ലെയിം ആയി കർഷകന് ലഭിക്കും.
2022 - 23 സാമ്പത്തിക വർഷത്തിൽ ഗോസമൃദ്ധി പദ്ധതിയുടെ ബഡ്ജറ്റ് വിഹിതം അഞ്ചുകോടി രൂപയിൽ നിന്നും 6 കോടിയാക്കിയെങ്കിലും ഇതുവരെ ഫണ്ട് അനുവദിക്കാത്തതിനാൽ കർഷകർക്ക് സ്വകാര്യ എജൻസികളെ സമീപിക്കേണ്ട സ്ഥിതിയാണ്. സർക്കാർ പദ്ധതിയിൽ ചെറിയ തുക മാത്രമേ അടയ്ക്കേണ്ടതുള്ളൂ. എന്നാൽ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളെ ആശ്രയിക്കുമ്പോൾ വൻതുകയാണ് ചെലവാകുക.
ലഭിക്കുന്നത് മുപ്പതിൽ താഴെ
എല്ലാ വർഷവും ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാറുണ്ടെങ്കിലും ഒരോ പഞ്ചായത്തിലും ഗുണഫലം ലഭിക്കുക മുപ്പതിൽ താഴെ പേർക്ക് മാത്രം. ഇത്തവണ കണക്കെടുപ്പ് കഴിഞ്ഞപ്പോൾ അത് വീണ്ടും കുറഞ്ഞു. ജില്ലയിലെ ഓരോ പഞ്ചായത്തിലും 1500നും 3000നും ഇടയിൽ കന്നുകാലികളുണ്ടെന്നാണ് കണക്ക്. ഇതിൽ മുപ്പതിൽ താഴെയുള്ളവർ മാത്രമാണ് പദ്ധതിയിൽ അംഗങ്ങൾ.
ഡോക്ടർമാരും ദുരിതത്തിൽ
ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും ഓരോ മൃഗാശുപത്രികളാണുള്ളത്. കന്നുകാലികളുടെ പരിരക്ഷയ്ക്ക് പുറമേ മറ്റ് മൃഗങ്ങൾക്ക് വരുന്ന അസുഖങ്ങൾ, പ്രതിരോധ കുത്തിവയ്പ് എന്നിവയെല്ലാം ചെയ്യേണ്ടതും ഇവർ തന്നെയാണ്. നായകൾക്കുള്ള വാക്‌സിനേഷൻ കൂടിയായതോടെ നിന്നുതിരിയാൻ സമയമില്ലാത്ത സ്ഥിതിയാണെന്നും ഡോക്ടർമാർ പറയുന്നു.