 
എരുമപ്പെട്ടി: വേലൂർ പഞ്ചായത്തിലെ ജലഗുണനിലവാര പരിശോധനാ ലാബ് ഗവ. രാമവർമ്മ ഹയർ സെക്കൻഡറി സ്‌കൂളിൽ യാഥാർത്ഥ്യമായി. എ.സി. മൊയ്തീൻ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 1.25 ലക്ഷം ഉപയോഗിച്ചാണ് ലാബ് ഒരുക്കിയത്. ഹയർസെക്കൻഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകൾ പ്രയോജനപ്പെടുത്തി ഹരിതകേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കെമിസ്ട്രി അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കെമിസ്ട്രി വിദ്യാർത്ഥികൾ പരിശോധന നടത്തും. ചടങ്ങിൽ വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി അദ്ധ്യക്ഷത വഹിച്ചു. നവകേരള കർമ്മപദ്ധതി റിസോഴ്‌സ് പേഴ്‌സൺ ത്രിവിക്രമദേവ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.വി. വല്ലഭൻ, ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ തുടങ്ങിയവർ പങ്കെടുത്തു.