1

കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിക്കുന്നു.

വടക്കാഞ്ചേരി: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം തെക്കുംകര പഞ്ചായത്തിൽ നടന്നു. നാളികേരത്തിന്റെ ഉത്പ്പാദനം വർദ്ധിപ്പിക്കുക വഴി കർഷകർക്ക് അർഹമായ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. വർഷത്തിൽ 25.67 ലക്ഷം രൂപയുടെ പദ്ധതിയാണ് തെക്കുംകര പഞ്ചായത്തിൽ നടപ്പിലാവുന്നത്. തുടർച്ചയായ 3 വർഷങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ഓരോ വർഷവും 25.67 ലക്ഷം രൂപയുടെ സഹായങ്ങൾ കേരഗ്രാമം പദ്ധതിയിലൂടെ പഞ്ചായത്തിലെ കേര കർഷകർക്ക് ലഭ്യമാകും. പഞ്ചായത്തിൽ രൂപീകരിക്കുന്ന കേരസമിതി മുഖേനയാണ് പദ്ധതി നടപ്പാക്കുക.
പരിപാടിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ടി.വി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു കൃഷ്ണൻ, തെക്കുംകര പഞ്ചായത്ത് കൃഷി ഓഫീസർ ജിൻസി ജോസഫ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.

ഹെക്ടറിന് 25000 രൂപ വീതം
തെക്കുംകര പഞ്ചായത്തിലെ 100 ഹെക്ടർ സ്ഥലത്ത് 1500 തെങ്ങുകൾക്ക് പദ്ധതിയുടെ ആനുകൂല്യം വിവിധഘട്ടങ്ങളായി ലഭിക്കും. ഒരു ഹെക്ടറിന് 25,000 രൂപ വീതം ലഭിക്കും. തെങ്ങുംതൈ വിതരണം, തെങ്ങിന് തടമെടുക്കാൻ സഹായം, സബ്‌സിഡി നിരക്കിൽ രാസവളം, ജൈവ വളം എന്നിവ നൽകൽ, പമ്പ്‌സെറ്റ് അടക്കമുള്ള ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കൽ, രോഗം ബാധിച്ച തെങ്ങുകൾ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തൈകൾ നടൽ, തെങ്ങുകയറ്റത്തിനുള്ള യന്ത്രങ്ങൾ നൽകൽ, ഇടവിള കൃഷിക്കാവശ്യമായ സഹായങ്ങൾ നൽകൽ തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കുക.