തൃശൂർ: ഏറെക്കാലത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും വിരാമമിട്ട് കോർപ്പറേഷന്റെ അമൃത് മാസ്റ്റർ പ്ലാനിന്റെ (നഗരവികസന പദ്ധതി) കരട് കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു. ഡെപ്യൂട്ടി ടൗൺ പ്ലാനർ ജീവ ലിസസേവ്യറും അസിസ്റ്റന്റ് ടൗൺ പ്ലാനർ പ്രദീപുമാണ് നഗരവികസന പദ്ധതിയുടെ കരട് രേഖ അവതരിപ്പിച്ചത്.
കൗൺസിലർമാരും രാഷ്ട്രീയകക്ഷി പ്രതിനിധികളും സാങ്കേതിക വിദ്ഗ്ദ്ധരും ഉൾപ്പെടെ അടങ്ങുന്ന കമ്മിറ്റിയാണ് പുതിയ അമൃത് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. 55 ഡിവിഷനുകളിലും പ്രത്യേക കേന്ദ്രങ്ങളിൽ അമൃത് മാസ്റ്റർ പ്ലാൻ ഡിസ്‌പ്ലേ ചെയ്ത് ആവശ്യമായ വിശദീകരണം നൽകും. പുതിയ മാസ്റ്റർപ്ലാൻ കരട് 31നകം അംഗീകരിച്ച് സർക്കാരിലേക്ക് കരട് അയച്ച്‌കൊടുക്കണം. പൈതൃക സോണിനെച്ചൊല്ലി വിവാദങ്ങൾ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് മാസ്റ്റർ പ്ലാനിന്റെ കരട് നിർദ്ദേശങ്ങളും സൂചന നൽകുന്നത്.
യോഗത്തിൽ നഗരാസൂത്രണ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ, പ്രതിപക്ഷ ഉപനേതാവ് സുനിൽരാജ്, ബി.ജെ.പി കൗൺസിലർമാരായ എൻ. പ്രസാദ്, പൂർണിമ സുരേഷ്, ഡോ. ആതിര, കെ.ജി. നിജി, എൻ.വി. രാധിക എന്നിവർ പങ്കെടുത്തു.


നഗരവികസന പദ്ധതി കരട് ഇപ്രകാരം

തൃശൂർ കോർപ്പറേഷനെ 17 മേഖലകളാക്കി തിരിക്കും.
തേക്കിൻകാട് മൈതാനം പൈതൃകമേഖലയാക്കി.
മറ്റ് പ്രദേശങ്ങൾ പൈതൃക സ്വാധീന മേഖലയാക്കി.
ഇന്നർ, ഔട്ടർ റിംഗ് റോഡുകൾ, പെരിഫറൽ റോഡുകൾ എന്നിവ വിശദീകരിച്ചു.
പൂങ്കുന്നം മുതൽ കിഴക്കെകോട്ട വരേയും ലുലു ജംഗ്ഷൻ മുതൽ കൂർക്കഞ്ചേരി വരേയും തടസമില്ലാതെ സഞ്ചരിക്കാൻ സൗകര്യമൊരുക്കും.
ഒല്ലൂർ സെന്ററിൽ നിന്നു കാഞ്ഞാണി റോഡിലെത്താനും സുഗമവഴി.

2012ൽ ഒന്നര മിനിറ്റെടുത്ത് അംഗീകരിച്ച മാസ്റ്റർ പ്ലാനിലെ എല്ലാ അപാകതകളും ഈ മാസ്റ്റർപ്ലാനിൽ പരിഹരിക്കും. കരട് മാസ്റ്റർ പ്ലാൻ അംഗീകരിച്ചശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കൗൺസിലിൽ ചർച്ച ചെയ്യും.
-എം.കെ. വർഗീസ്
(കോർപ്പറേഷൻ മേയർ)

മാസ്റ്റർപ്ലാൻ തയ്യാറാക്കിയ പ്രത്യേക കമ്മിറ്റിയിൽ അംഗമായ താൻ അറിയാതെയാണ് പല തീരുമാനങ്ങളും എടുത്തതായി പറയുന്നത്. കരട് പ്ലാനിന്റെ പകർപ്പ് ഇതുവരെ കൗൺസിലർമാർക്ക് ലഭ്യമായിട്ടില്ല. ബന്ധപ്പെട്ട രേഖകൾ നൽകി കൗൺസിൽ യോഗം വിളിക്കുന്നതിനുമുമ്പേ ഡിവിഷൻ സഭകളിൽ വച്ച് മാസ്റ്റർപ്ലാൻ ജനങ്ങളെയും കൗൺസിലർമാരേയും ബോദ്ധ്യപ്പെടുത്തി വേണം നടപടികളുമായി മുന്നോട്ടു പോകേണ്ടത്.
-രാജൻ ജെ. പല്ലൻ
(പ്രതിപക്ഷനേതാവ്)

പൈതൃക സോണിനെ റീ കഞ്ചസ്റ്റഡ് സോണാക്കിയ പഴയ മാസ്റ്റർ പ്ലാൻ പൈതൃക സ്വാധീന സോൺ എന്ന് പേരുമാറ്റി പുനരാവിഷ്‌കരിക്കാനാണ് എൽ.ഡി.എഫ് ശ്രമം. തൃശൂരിന്റെ പൈതൃകത്തെയും നീർത്തട മേഖലയും പാടശേഖരങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള വികസനം മാത്രമേ അനുവദിക്കൂ.
-വിനോദ് പൊള്ളാഞ്ചേരി
(ബി.ജെ.പി പാർട്ടി പാർലമെന്ററി ലീഡർ)