1

തൃശൂർ : രാത്രി പത്ത് വരെ കാർഷിക സർവകലാശാല രജിസ്ട്രാറെ ഉപരോധിച്ച് ജീവനക്കാർ. ജീവനക്കാരുടെ സംഘടനാ സെക്രട്ടറിയെ തരംതാഴ്ത്തിയ മുൻ വൈസ് ചാൻസലറുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം 16 ദിവസം പിന്നിട്ടു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ ബഹുജന പ്രസ്ഥാനങ്ങളെ ഉൾപ്പെടുത്തി ഉടൻ സമര സഹായസമിതി രൂപീകരിക്കുമെന്ന് കെ.എ.യു. ജനാധിപത്യ സംരക്ഷണ സമിതി ചെയർമാൻ ഡോ. പി.കെ. സുരേഷ് കുമാർ അറിയിച്ചു. ഭരണ സമിതി അംഗവും മന്ത്രിയുമായ കെ. രാജൻ ഉടൻ വിഷയത്തിൽ ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കിയില്ലെങ്കിൽ സർവകലാശാലയിൽ നടക്കുന്ന അനീതികളിലും സ്വജനപക്ഷപാത പ്രവർത്തനങ്ങളിലും അദ്ദേഹത്തിന് കൂടി പങ്കാളിത്തമുണ്ടെന്ന് കരുതേണ്ടി വരുമെന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബാപ്പുട്ടി പറഞ്ഞു.