1

തൃശൂർ: കൃഷിമന്ത്രിയുടെ പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞവുമായി ബന്ധപ്പെട്ട് മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ കൃഷിയും മൂല്യവർദ്ധനവും എന്ന ആശയത്തിലൂന്നി നടക്കുന്ന കാർഷികമേളയിൽ വേറിട്ട പ്രദർശനവുമായി കേരള കാർഷിക സർവകലാശാല. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്വന്തം വരുമാനം വർദ്ധിപ്പിച്ച സംരംഭകരെയും അവരുടെ ഉത്പന്നങ്ങളെയുമാണ് കാർഷിക സർവകലാശാല വേദിയിലൂടെ പരിചയപ്പെടുത്തുന്നത്.
ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് വിത്ത് മുതൽ വിപണി വരെ പച്ചക്കറിക്കൃഷിയെ നവീകരിക്കാനുതകുന്ന മാർഗങ്ങൾ പ്രദർശനശാലയിൽ നിന്ന് മനസിലാക്കാം. വാഴയിൽ നിന്നും തേനിൽ നിന്നുമുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് ഇവിടെ പ്രത്യേകമായ ഊന്നൽ നൽകിയിട്ടുണ്ട്.


കൃഷിയിട സന്ദർശനം ഇന്ന്

കൃഷിദർശൻ പരിപാടിയുടെ ഭാഗമായി കൃഷിയിട സന്ദർശനം ഇന്നാരംഭിക്കും. ആദ്യഘട്ടത്തിൽ കൃഷിവകുപ്പ്, മണ്ണ് സംരക്ഷണ മണ്ണ് പര്യവേക്ഷണ വകുപ്പ് കാർഷിക സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ, കൃഷി ബിരുദ വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന സംഘം 49 ടീമുകളായി തിരിഞ്ഞ് തൃശൂർ കോർപറേഷൻ, ഒല്ലൂക്കര, മാടക്കത്തറ, പാണഞ്ചേരി, പുത്തുർ, നടത്തറ, വിൽവട്ടം എന്നീ കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന തെരഞ്ഞെടുത്ത കൃഷിയിടങ്ങൾ സന്ദർശിക്കും. 28ന് രാവിലെ എട്ട് മുതൽ കൃഷിമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിക്കും.