വലപ്പാട്: നിർദ്ധനരായ കരൾ രോഗികളുടെ ചികിത്സയ്ക്ക് മണപ്പുറം ഫൗണ്ടേഷൻ അഞ്ചു ലക്ഷം രൂപ ധനസഹായം നൽകി. ഇവരുടെ തുടർ ചികിത്സയ്ക്ക് ആവശ്യമായ ജീവൻരക്ഷാ മരുന്നുകൾ വാങ്ങുന്നതിനാണ് ധനസഹായം. ലിവർ ഫൗണ്ടേഷൻ ഒഫ് കേരള (ലിഫോക്) മുഖേനയാണ് തിരഞ്ഞെടുത്ത രോഗികൾക്ക് മണപ്പുറം ഫൗണ്ടേഷന്റെ സ്‌നേഹസ്പർശം പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭ്യമാക്കുന്നത്. റവന്യു മന്ത്രി കെ. രാജനും സി.സി. മുകുന്ദൻ എം.എൽ.എയും ചേർന്ന് ചെക്ക് മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസിൽ നിന്ന് ഏറ്റുവാങ്ങി. തൃശൂർ - എറണാകുളം ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത 25 വീതം പേർക്കാണ് മണപ്പുറം ഫൗണ്ടേഷനും മാകെയർ എറണാകുളം യൂണിറ്റും ചേർന്ന് സഹായം വിതരണം ചെയ്യുന്നത്. ലിഫോക്ക് ജില്ലാ പ്രസിഡന്റ് ദിലീപ് ഖാദി അദ്ധ്യക്ഷനായി. മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ ശിൽപ ട്രീസ സെബാസ്റ്റ്യൻ, ഡോ. നോബിൾ ഗ്രേഷ്യസ്, പി.കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.