ശ്രീനാരായണപുരം പഞ്ചായത്ത് സംഘടിപ്പിച്ച കടലോര നടത്തം പ്രസിഡന്റ് എം.എസ്. മോഹനൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കൊടുങ്ങല്ലൂർ: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കാനുള്ള ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി ശ്രീനാരായണ പുരം പഞ്ചായത്ത് കടൽത്തീര നടത്തം സംഘടിപ്പിച്ചു. എം.ഇ.എസ് അസ്മാബി കോളേജ് മുതൽ ശ്രീകൃഷ്ണമുഖം ബീച്ച് വരെ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, എം.ഇ.എസ് അസ്മാബി കോളേജ് എൻ.എസ്.എസ്, എൻ.സി.സി വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ, തീരമൈത്രി അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, അദ്ധ്യാപകർ തുടങ്ങിയവർ നടത്തത്തിൽ അണിനിരന്നു. തീരദേശ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. വൈസ് പ്രസിഡന്റ് സി.സി. ജയ അദ്ധ്യക്ഷയായി. കോളേജ് പ്രിൻസിപ്പൽ ഡോ. എ. ബിജു, വികസനകാര്യം ചെയർമാൻ കെ.എ. അയൂബ്, മിനി പ്രദീപ്, പി.എ. നൗഷാദ്, സുരേഷ്, ഡോ. സുമേധൻ, ഡോ. പ്രിൻസി ഫ്രാൻസിസ്, അൻസാർ മാസ്റ്റർ, പി.യു. കൃഷ്‌ണേന്ദു തുടങ്ങിയവർ സംസാരിച്ചു.