 
ലഹരിക്കെതിരെ സർക്കാർ നടത്തുന്ന ദൗത്യത്തിന് ഐക്യദാർഢ്യവുമായി വിദ്യാർത്ഥികൾ ഒരുക്കിയ മനുഷ്യച്ചങ്ങലയിലെ ചൗക്കയിൽ നിന്നുള്ള ദൃശ്യം.
ചാലക്കുടി: ലഹരിക്കെതിരെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ അണിനിരത്തി ജനസംരക്ഷണ വലയമൊരുക്കി ചാലക്കുടിയിലെ അഞ്ച് പൊതു വിദ്യാലയങ്ങൾ. കോടശ്ശേരി മേഖലയിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുപ്രവർത്തകർ, നാട്ടുകാർ എന്നിവർ അണിനിരന്നതായിരുന്നു മനുഷ്യച്ചങ്ങല. നായരങ്ങാടി വി.ബി.എൽ.പി സ്‌കൂൾ മുതൽ കലിക്കൽ എസ്.എൻ.ഡി.പി സ്‌കൂൾ വരെയായിരുന്നു വലയം ഒരുക്കിയത്. നായരങ്ങാടി എം.ആർ.എസ്, ചൗക്ക സെന്റ് ആന്റണീസ്, നായരങ്ങാടി ഗവ. എൽ.പി.എസ്, വി.ബി.എൽ.പി.എസ്, കലിക്കൽ സ്‌കൂൾ എന്നിവയിൽ നിന്നുള്ള വിദ്യാർത്ഥികളായിരുന്നു അണിനിരന്നത്. രാവിലെ പത്തിന് ആരംഭിച്ച വലയത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി. തുടർന്ന് നായരങ്ങാടി റേഷൻ ജംഗ്ഷൻ, നായരങ്ങാടി വെസ്റ്റ്, ചൗക്ക സെന്റർ, കലിക്കൽ സെന്റർ എന്നിവിടങ്ങളിൽ ജനജാഗ്രതാ സദസും നടന്നു. ചടങ്ങുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി.ജോസ്, ഫാ.ടോം മാളിയേക്കൽ, കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിൽ എന്നിവർ ഉദ്ഘാടനം ചെയ്തു. ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷ്, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, ടി.എം. രതീശൻ, കെ.ജി. ഡാനിഷ്, റിൻസൻ മണവാളൻ, ബൈജു അമ്പഴക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.