award

ജില്ലാ ശുചിത്വമിഷന്റെ പുരസ്‌കാരം മന്ത്രി കെ.രാജൻ കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജുവിന് സമ്മാനിക്കുന്നു.

കൊരട്ടി: മാലിന്യശേഖരണ, സംസ്‌കരണ രംഗത്ത് മാതൃകാപരമായി പ്രവർത്തിക്കുന്ന കൊരട്ടി പഞ്ചായത്ത് ഹരിതകർമ്മ സേനയ്ക്ക് ജില്ലാ ശുചിത്വമിഷന്റെ പുരസ്‌കാരം ലഭിച്ചു. മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം കർമ്മപഥത്തിലെത്തിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ ഹരിത കർമ്മ സേന നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ മുൻനിറുത്തിയാണ് പുരസ്‌കാരം. സംസ്ഥാനതലത്തിൽ മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്താനും അതുവഴി തദ്ദേശ സ്ഥാപനങ്ങളെ മികവിന്റെ പാതയിലേക്ക് ഉയർത്താനുമാണ് എല്ലാ പഞ്ചായത്തുകളിലും തദ്ദേശസ്ഥാപനങ്ങളിലും ഹരിത കർമ്മ സേനകൾ രൂപീകരിച്ചത്. വീടുകളിൽ നിന്നും വിവിധ തരത്തിലുള്ള മാലിന്യങ്ങൾ ശേഖരിക്കുകയും അവ തരംതിരിച്ച് ശാസ്ത്രീയമായ രീതിയിൽ സംസ്‌കരിക്കുകയുമാണ് ചെയ്യുന്നത്. കുടുംബശ്രീയിലും മറ്റും പ്രവർത്തിക്കുന്നവർ തന്നെയാണ് മിക്കയിടത്തും ഹരിതകർമ്മ സേനകളുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാറുള്ളത്.
റവന്യൂമന്ത്രി കെ.രാജൻ പുരസ്‌കാരം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജുവിന് സമ്മാനിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ അഡ്വ. കെ.ആർ. സുമേഷ്, നൈനു റിച്ചു, വി.ഇ.ഒ: അനീസ്, ഹരിതകർമ്മസേന കോ-ഓർഡിനേറ്റർ രമ്യ, ടി.കെ. ഷൈല, മേരി ജോയി എന്നിവർ സന്നിഹിതരായിരുന്നു.

പുരസ്‌കാരം പ്രവർത്തനം മുൻനിറുത്തി
പഞ്ചായത്ത് പ്രദേശങ്ങളിലെ ഓരോ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളും ചില്ല്, ലെതർ, ഇ ഇലക്ട്രോണിക്‌സ് തുടങ്ങിയ മാലിന്യങ്ങൾ ശേഖരിക്കുക, തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരണത്തിന് ഏജൻസികളിലേക്ക് കൈമാറുക എന്നീ മാതൃകാപരമായ പ്രവർത്തനങ്ങൾ മുൻനിറുത്തിയാണ് പുരസ്‌കാരം.