
തൃശൂർ: കാർഷിക സർവകലാശാല എംപ്‌ളോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി.ഡെന്നിയെ തരംതാഴ്ത്തിയ നടപടിയിൽ നിയമോപദേശം തേടാൻ സർവകലാശാല എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനം. തരംതാഴ്ത്തൽ നടപടിയിൽ ചട്ടവിരുദ്ധമായ കാര്യങ്ങളുണ്ടോ എന്നും പരിശോധിക്കും. മന്ത്രി കെ.രാജൻ ഉൾപ്പെട്ട എക്‌സിക്യുട്ടീവ് കമ്മിറ്റി വ്യാഴ്ചയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
കഴിഞ്ഞ രണ്ട് എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗങ്ങളിൽ മന്ത്രിക്ക് പങ്കെടുക്കാനായിരുന്നില്ല. നിയമോപദേശം തേടിയെങ്കിലും തരംതാഴ്ത്തൽ നടപടി പിൻവലിക്കാനോ പുന:പരിശോധിക്കാനോ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് കഴിയില്ലെന്നാണ് വിലയിരുത്തൽ. നടപടിക്കെതിരെ കോടതിയെയോ ചാൻസലറായ ഗവർണറെയോ സമീപിക്കാം.
ഗവർണറുടെ തീരുമാനങ്ങളിലും നിലപാടുകളിലും വിയോജിപ്പുള്ള അസോസിയേഷൻ അതിന് തുനിയാനിടയില്ല. ഫേസ്ബുക്കിൽ ഡെന്നി തന്നെ അപമാനിച്ചുവെന്ന് രമ്യ ഹരിദാസ് എം.പി ലോക് സഭാ സ്പീക്കർക്കും ഗവർണർക്കും കഴിഞ്ഞ വർഷം നൽകിയ പരാതിയെത്തുടർന്നാണ് തരംതാഴ്ത്തിയത്. ഡെന്നിയെ സസ്‌പെൻഡ് ചെയ്യുകയും അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. തുടർന്ന് കമ്മിറ്റിയുടെ ശുപാർശ പ്രകാരമായിരുന്നു തരംതാഴ്ത്തൽ.