 
ചേർപ്പ് ഗവൺമെന്റ് സ്‌കൂൾ റോഡിൽ പൈപ്പ് പൊട്ടി ആഴ്ചകളായി വെള്ളം പാഴാകുന്നു
ചേർപ്പ്: ഗവൺമെന്റ് ഹൈസ്‌കൂൾ റോഡിൽ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. റോഡിനോട് ചേർന്ന് പുതുതായി നിർമ്മിച്ച കാൽനട പാതയ്ക്ക് അരികിലായിട്ടാണ് ആഴ്ചകളായി വെള്ളം പാഴാവുന്നത്. സ്‌കൂൾ വിദ്യാർത്ഥികളടക്കം നിരവധി കാൽനടയാത്രക്കാർ പോകുന്ന വഴിയിലൂടെയാണ് വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. അതിനാൽ ആളുകൾ വഴിമാറിയാണ് നടക്കുന്നത്. പൈപ്പിൽ നിന്ന് വെള്ളം യാത്രക്കാരുടെ ശരീരത്തിലേക്ക് തെറിക്കുന്ന സ്ഥിതിയുമുണ്ട്. വെള്ളം വീഴാതിരിക്കാൻ വാഹനങ്ങൾ വെട്ടിക്കുമ്പോൾ അപകടമുണ്ടാകുന്ന സ്ഥിതിയുമുണ്ട്.
കാലപ്പഴക്കം ചെന്നവ മാറ്റി പുതിയവ സ്ഥാപിച്ചെങ്കിൽ മാത്രമേ പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം കാണാൻ കഴിയുകയുള്ളൂ. പ്രശ്‌നം ജല അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെയായിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. വേനൽ രൂക്ഷമായി കൊണ്ടിരിക്കെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നതിൽ പ്രതിഷേധവും ശക്തമാണ്. വെള്ളം സ്ഥിരമായി ഒഴുകി റോഡ് കേടാകുന്ന സ്ഥിതിയുമുണ്ട്. ഇടക്കിടെ പൊട്ടുന്ന പൈപ്പ് നന്നാക്കാൻ ദിവസങ്ങളാണ് എടുക്കുന്നതെന്നും ആക്ഷേപമുണ്ട്. കൂടാതെ നിലവാരം കുറഞ്ഞ പൈപ്പുകൾ സ്ഥാപിക്കുന്നതും പൈപ്പ് പൊട്ടലിന് കാരണമാകുന്നുണ്ട്. കടുത്ത വേനലിലും ഇത്തരത്തിൽ കുടിവെള്ളം പാഴാകാറുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പ്രശ്നത്തിൽ അധികൃതർ ഇടപെട്ട് നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.