
തൃശൂർ: അനർഹമായി മുൻഗണനാ റേഷൻകാർഡുകൾ കൈവശം വച്ചിരുന്നവരിൽ നിന്ന് 25,77,411 രൂപ പിഴ ഈടാക്കി. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച 'ഓപ്പറേഷൻ യെല്ലോ' പദ്ധതി വഴി മഞ്ഞ, പിങ്ക്, നീല ഉൾപ്പെടെ 651 മുൻഗണനാ കാർഡുകളാണ് പിടികൂടിയത്. ഏറ്റവും കൂടുതൽ പിടികൂടിയത് ചാലക്കുടി താലൂക്കിലാണ്.
സെപ്തംബർ 18 മുതൽ ജില്ലയിലെ ഏഴ് താലൂക്കുകളിൽ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് കാർഡ് പിടികൂടിയത്. ഇവയിൽ അന്ത്യോദയ, അന്നയോജന ആനുകൂല്യമുള്ള മഞ്ഞ 38, മുൻഗണനാ വിഭാഗത്തിലുള്ള പിങ്ക് 475, പൊതുവിഭാഗം സബ്‌സിഡിയുള്ള നീല 138 കാർഡുകളുണ്ട്. മുൻഗണനാ കാർഡ് പിഴയില്ലാതെ തിരിച്ചേൽപ്പിക്കാൻ 2021 ജൂലായ് വരെ അവസരം നൽകിയിരുന്നു. അതിന് ശേഷവും ആനുകൂല്യം പറ്റിയവരിൽ നിന്നാണ് പിഴ ഈടാക്കിയത്. അനർഹരെ ഒഴിവാക്കുക, പുതിയ ആളുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ യെല്ലോ നടപ്പാക്കുന്നത്. വരുംദിവസങ്ങളിൽ പരിശോധന കർശനമായി തുടരുമെന്നും നടപടികൾ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
പരാതികൾ അറിയിക്കാം
9188527301 (മൊബൈൽ)
1967 ടോൾഫ്രീ
(24 മണിക്കൂർ)
പിടിച്ച കാർഡുകളുടെ എണ്ണം
താലൂക്ക് അടിസ്ഥാനത്തിൽ
ചാലക്കുടി 172
തൃശൂർ 124
തലപ്പിള്ളി 125
കുന്നംകുളം 89
ചാവക്കാട് 76
മുകുന്ദപുരം 44
കൊടുങ്ങല്ലൂർ 21.