ചേലക്കര: കൊണ്ടാഴി എഫ്.എച്ച്.സിയിൽ കോട്ടൺ ഇല്ലാത്ത കാരണം പറഞ്ഞ് മുറിവ് ഡ്രസ്സ് ചെയ്യാനെത്തിയ യുവാവിനെ മടക്കിവിട്ടതിൽ പ്രതിഷേധം. കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് എ.ഐ.വൈ.എഫ് കൊണ്ടാഴി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പ്രതിഷേധസൂചകമായി മുറി ഡ്രസ്സ് ചെയ്യാനുള്ള കോട്ടൺ സംഘടന കൈമാറി. ജീവിത ശൈലീ രോഗങ്ങളുടെ മരുന്നുകൾ പോലും ലഭിക്കാത്ത സാഹചര്യം കുടുംബാരോഗ്യ കേന്ദ്രത്തിലുള്ളതെന്നും പറയുന്നു.
പ്രതിഷേധ മാർച്ച് എ.ഐ.വൈ.എഫ് ചേലക്കര മണ്ഡലം സെക്രട്ടറി കെ.എസ്. ദിനേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അബ്ദുൾ ഖാദർ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി പി.ആർ. കൃഷ്ണകുമാർ , സി.പി.ഐ കൊണ്ടാഴി ലോക്കൽ സെക്രട്ടറി ജയ്‌സൺ മത്തായി, മേഖലാ കമ്മിറ്റി അംഗം പ്രസാദ് കീർത്തിയിൽ തുടങ്ങിയവർ സംസാരിച്ചു.