ഗുരുവായൂർ: ഗുരുവായൂർ സ്‌പോർട്സ് അക്കാഡമി (ജി.എസ്.എ) യുടെ നേതൃത്വത്തിൽ ഒന്നാം പി. ബാബു മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള അഖിലേ കേരള വടംവലി മത്സരം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കേരളത്തിലെ 16 പ്രമുഖ ടീമുകൾ പങ്കെടുക്കും. വൈകീട്ട് നാലിന് നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അദ്ധ്യക്ഷനാകും.
ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് മുഖ്യാതിഥിയാകും. വിജയികൾക്ക് പി. ബാബു മെമ്മോറിയൽ ട്രോഫിയും 20000 രൂപയുടെ കാഷ് അവാർഡും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാർക്ക് 15000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 10000 രൂപയും ട്രോഫിയും സമ്മാനിക്കും.
ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവനും ഗുരുവായൂർ പൊലീസ് എ.സി.പി: കെ.ജി. സുരേഷും ട്രോഫികൾ വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ടി.എം. ബാബുരാജ്, സി. സുമേഷ്, വി.വി. ഡൊമിനിക്, വി.വി. ബിജു, എ.കെ. തിലകൻ, കെ.പി. സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.