തൃശൂർ: വിയ്യൂർ ഹൈസെക്യൂരിറ്റി ജയിലിലെ അന്തേവാസികൾക്ക് മാനസിക ഉല്ലാസത്തിന് ഇനി കൃഷിയും. കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പച്ചക്കറി വികസന പദ്ധതിയുടെ സഹായത്തോടെ ഒരേക്കർ സ്ഥലത്ത് തുറസായ കൃത്യതാ കൃഷിയുടെ ഉദ്ഘാടനം മന്ത്രിമാരായ പി. പ്രസാദും കെ. രാജനും ചേർന്ന് ജയിൽ വളപ്പിനുള്ളിൽ പച്ചക്കറിത്തൈകൾ നട്ട് നിർവഹിച്ചു.
മനുഷ്യന്റെ നവീകരണത്തിന് കൃഷി ഒരു പ്രധാന മാർഗമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ജയിലിനുള്ളിലെ കാർഷിക വിഭവങ്ങളിൽ നിന്നും ഒരു മൂല്യവർദ്ധിത ഉത്പന്നമെങ്കിലും ബ്രാൻഡ് ചെയ്ത് പൊതു വിപണിയിൽ ഇറക്കുകയെന്നത് പ്രത്യേക ചലഞ്ച് ആയി ഏറ്റെടുക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷയായി. ജയിൽ സൂപ്രണ്ട് ഡി. സുനിൽകുമാർ സ്വാഗതം പറഞ്ഞു. മദ്ധ്യമേഖലാ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഡി. അജയകുമാർ പ്രസംഗിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ രാഗിണി, സീനിയ, സൂരജ്, എ.ഡി.സി അംഗം സുബ്രഹ്മണ്യൻ, കർഷകസംഘം പ്രതിനിധി സുമേഷ്, കിസാൻ സഭ പ്രതിനിധി പി.ടി. ചന്ദ്രൻ, വാർഡ് കൗൺസിലർ സതീഷ് കുമാർ, കൃഷി ഓഫീസർ കവിത എന്നിവർ പങ്കെടുത്തു.
പച്ചക്കറി ഉത്പാദനത്തോടൊപ്പം മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനും അധികമുള്ള പച്ചക്കറികളുടെ വിപണനത്തിനും പ്രത്യേകം സംവിധാനങ്ങൾ ഒരുക്കണം. വിഷരഹിത ഭക്ഷണത്തിന് ഡിമാൻഡ് കൂടുതലാണ്. ഇതിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയണം.
- പി. പ്രസാദ്, കൃഷിമന്ത്രി