ഇരിങ്ങാലക്കുട: കോണത്തുകുന്നിലെ ഗതാഗത നിയന്ത്രണത്തിൽ നാട്ടുകാരുമായി ഇന്നലെ രാവിലെയുണ്ടായ തർക്കത്തെ തുടർന്ന് തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെത്തുടർന്ന് കോണത്തുകുന്ന് മുതൽ കരൂപ്പടന്ന വരെ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽ ഇപ്പോൾ കോണത്തുകുന്നിൽ നിന്ന് എസ്.എൻ പുരം വഴിയാണ് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് വാഹനങ്ങൾ തിരിച്ചുവിടുന്നത്. എന്നാൽ ചില വാഹനങ്ങൾ പണി നടക്കുന്ന വഴിയിലൂടെ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്നു. കൊടുങ്ങല്ലൂരിൽ നിന്നും തൃശൂരിലേക്ക് വരുന്ന ബസുകളുടെ മുമ്പിലേക്ക് കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ എതിർദിശയിൽ നിന്നും വരുന്നതിനാൽ ബസുകൾക്ക് കടന്നുപോകാൻ സാധിക്കാതെയായി. ഒരുവശത്തുകൂടി വരുന്ന ബസുകാരെ നാട്ടുകാർ അസഭ്യം പറയുകയും മർദ്ദിക്കാൻ ഒരുങ്ങുകയും ചെയ്തുവെന്ന് ആരോപിച്ചാണ് തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിലെ എല്ലാ ബസുകളും സർവീസ് നിറുത്തിവയ്ക്കാൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചത്.