തൃപ്രയാർ: എടമുട്ടത്ത് കാറിൽ കടത്തിയ നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ വൻശേഖരം പിടികൂടി. തമിഴ്‌നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി: സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തിയ ഹാൻസ് പിടിച്ചെടുത്തത്. കാറിനകത്ത് ആറ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഒമ്പതിനായിരം പായ്ക്കറ്റ് ഹാൻസ് ആണ് പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി മണി (28)യെ അറസ്റ്റ് ചെയ്തു. സമാന കേസിന് നേരത്തെ ഇയാൾ പിടിയിലായിട്ടുണ്ട്. കടകളിൽ വിൽപ്പനയ്ക്കായി കൊണ്ടു പോകുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ കേസിൽ നിരവധി തവണ പിടിയിലായിട്ടുള്ള കോതകുളം സ്വദേശി ജലീലിന്റെ സഹായിയാണ് മണി.
കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കൊണ്ടുവരുന്നതെന്ന് പൊലീസ് പറഞ്ഞു. വലപ്പാട് ഇൻസ്‌പെക്ടർ കെ.എസ്. സുശാന്ത്, ക്രൈം സ്‌ക്വാഡ് എസ്.ഐ: പി.സി. സുനിൽ, എസ്.ഐമാരായ അരവിന്ദാക്ഷൻ, അരുൺ മോഹൻ, എ.എസ്.ഐ: സി.ആർ. പ്രദീപ്, നിഷാന്ത്, ബിജു, ശിവദാസ്, ആഷിക്, അനുരാജ്, അഭിലാഷ്, പ്രണവ് എന്നിവരും ഹാൻസ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.