തിരുവില്വാമല: പാമ്പാടി നെഹ്‌റു കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ ഇരുപതാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം രമ്യ ഹരിദാസ് എം.പി നിർവഹിച്ചു. നെഹ്‌റു കോളേജ് ചെയർമാൻ അഡ്വ. ഡോ. പി. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ഇരുപതാം വാർഷിക ലോഗോ പ്രകാശനം ജെയിൻ യൂണിവേഴ്‌സ് സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ.ജെ. ലത നിർവഹിച്ചു. ചടങ്ങിൽ വച്ച് 20 നിർദ്ധനരായ രോഗികൾക്ക് ഡയാലിസിസ് കിറ്റുകളും അംഗപരിമിതരായവർക്ക് വീൽചെയറുകളും വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. അംബികാദേവി അമ്മ, ഡോ. കെ. രാധാകൃഷ്ണൻ, ഡോ. ജോജു സി. അക്കര, പൂർവവിദ്യാർത്ഥികളായ സനിത്, ജസ്വന്ത് എന്നിവർ സംസാരിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ശാസ്ത്ര സാങ്കേതിക സാമൂഹിക സേവന പരിപാടികൾക്കു ഇതോടെ തുടക്കമായി. ഈ ചടങ്ങിൽ വച്ച് മുൻ അദ്ധ്യാപകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും ആദരിച്ചു. ആയിരത്തോളം വിദ്യാർത്ഥികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പരിപാടികൾ അരങ്ങേറി.