തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ നടന്ന സോറിയാസിസ് ദിനാചരണ ചടങ്ങിൽ ചെറുതുരുത്തി സ്വദേശിനിയായ റുക്കിയ പാട്ട് പാടുന്നു.
തൃശൂർ: കണ്ണിന്റെ ചികിത്സയ്‌ക്കെത്തിയ റുക്കിയയുടെ പാട്ടും താളവും ഒത്തുചേർന്നപ്പോൾ തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ സോറിയാസിസ് ദിനാചരണ ചടങ്ങ് ശ്രദ്ധേയമായി മാറി. മെഡിക്കൽ കോളേജിൽ ത്വക് രോഗ വിഭാഗം സംഘടിപ്പിച്ച സോറിയാസിസ് ദിനാചരണ ചടങ്ങ് നടക്കുന്നതിനിെടയാണ് അപ്രതീക്ഷിത അതിഥിയായി ചെറുതുരുത്തി സ്വദേശിയായ റുക്കിയ(75) എത്തിയത്. നേരത്തെ ചാനലുകളിലും സമൂഹ മാദ്ധ്യമങ്ങളിലും മറ്റും തന്റെ നാടൻ പാട്ടുകൾ കൊണ്ടും നിമിഷ പാട്ടുകൾകൊണ്ടും വൈറലായി മാറിയ റുക്കിയയെ ത്വക്‌രോഗ വിഭാഗത്തിലെ വിദ്യാർത്ഥികൾ സ്‌നേഹപൂർവം ഒരു പാട്ടുപാടൻ ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ റുക്കിയ പിന്നെ ഒന്നും നോക്കിയില്ല, ആദ്യം ഗുരുവായുപ്പ സ്തുതി, പിന്നെ വരുന്നു കലാഭവൻ മണിയുടെ ഓടപ്പഴം പോലൊരു എന്ന നാടൻ പാട്ട്. ഒടുവിൽ മെഡിക്കൽ കോളേജിന്റെ ചികിത്സയെക്കുറിച്ച് നിമിഷനേരം കൊണ്ട് റുക്കിയ ഉണ്ടാക്കിയ പാട്ടും കൂടിയാതോടെ സദസിൽ നിന്ന് കയ്യടികളുയർന്നു. ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഒപ്പം ഫോട്ടോയെടുത്താണ് റുക്കിയ മടങ്ങിയത്. ഇതോടെ മെഡിക്കൽ കോളേജിലെ സോറിയാസിസ് ദിനാചരണം ശ്രദ്ധേയമായി മാറി.
ദിനാചരണ പരിപാടി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. ഷീല ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോക്ടർ നിഷ എം.ദാസ് അദ്ധ്യക്ഷത വഹിച്ചു. ഗവ. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ലൂസിയമ്മ ജോസഫ് , വൈസ് പ്രിൻസിപ്പൽ ഡോ. വി.വി. ഉണ്ണിക്കൃഷ്ണൻ, മാനസികരോഗ വിഭാഗം മേധാവി ഡോ. എം.ടി. ഹാരിഷ്, അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം. രാധിക, ആർ.എം.ഒ: ഡോ. എ.എം. രൺദീപ്, ത്വക് രോഗ വിഭാഗം മേധാവി ഡോ. എൻ. അശോകൻ, ഡോ. ബെറ്റ്‌സി അമ്പൂക്കൻ, ഡോ. വി.ജി. ബിനേഷ്, ഡോ. എ. സരിൻ, എം.എ. ബിന്ദു, കെ.എൻ. നാരായൺ തുടങ്ങിയവർ പ്രസംഗിച്ചു.