lahari

വിദ്യാർത്ഥികൾ മുതൽ ബസ്, ഓട്ടോ ഡ്രൈവർമാർവരെ കഞ്ചാവും രാസലഹരിവസ്തുക്കളും ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതോടെ അവരെ പിടികൂടാൻ ഡ്രഗ്‌സ് ഡിറ്റക്ടിംഗ് കിറ്റും ആൽക്കോ സ്‌കാൻ വാനുമെല്ലാം സജ്ജമാക്കുകയാണ് പൊലീസ്. കഴിഞ്ഞദിവസം

ഡ്രഗ്‌സ് ഡിറ്റക്ടിംഗ് കിറ്റ് എന്ന ഉപകരണത്തിലൂടെ തൃശൂർ നഗരത്തിലെ ഏഴ് ഓട്ടോ ഡ്രൈവർമാരിൽ പരിശോധന നടത്തിയതിൽ നാല് പേരും ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. നാല് ഡ്രൈവർമാരിൽ ഒരാൾ കഞ്ചാവിന് പുറമേ മറ്റൊരു ലഹരിവസ്തു കൂടി ഉപയോഗിച്ചതായും തെളിഞ്ഞു. ഇപ്പോഴും സംസ്ഥാനമെങ്ങും സൂക്ഷ്മമായി പരിശോധനയും നടപടികളും നടക്കുകയാണ്. എല്ലാ ജില്ലകളിലേക്കും ആൽക്കോ സ്കാൻ വാൻ എത്തിത്തുടങ്ങി.

ആഗസ്റ്റിൽ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. ഡ്രൈവറുടെ ഉമിനീർ പരിശോധിച്ച് ലഹരി ഉപയോഗം കണ്ടെത്താൻ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്. ബ്രീത്ത് അനലൈസർ ഉപയോഗിച്ച് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ മാത്രമാണ് മുൻപ് പിടികൂടാൻ കഴിഞ്ഞിരുന്നത്. വാനിലെ പരിശോധനയിലൂടെ മയക്കുമരുന്നും എം.ഡി.എം.എ പോലുള്ള ലഹരി വസ്തുക്കളും കണ്ടെത്താനാകും. അതേസമയം സംസ്ഥാനത്തെ ഇരുപത് പൊലീസ് മേധാവിമാർക്ക് നൂറ് വീതം ഡ്രഗ്‌സ് ഡിറ്റക്ടിംഗ് കിറ്റും നൽകിയിരുന്നു. ഇത് ഉപയോഗിച്ചാണ് തൃശൂരിൽ കഴിഞ്ഞദിവസം ഡ്രൈവർമാരെ കുടുക്കിയത്. ഇതിലൂടെ മൂത്രപരിശോധന നടത്തിയാണ് ലഹരി ഉപയോഗം കണ്ടെത്തുക. ആറ് ലഹരിവസ്തുക്കളുടെ ലേബൽ കിറ്റിൽ പതിച്ചിട്ടുണ്ട്. മൂത്രസാമ്പിളിലൂടെ ഏത് ലഹരിവസ്തുവാണ് ഉപയോഗിച്ചതെന്ന് കൃത്യമായി വ്യക്തമാകും. ഉപയോഗിച്ച ലഹരിവസ്തുവുള്ള ലേബൽ ഒഴികെ മറ്റ് ലേബലുകളിൽ മാർക്ക് തെളിയും.

ഇരകളെ പിടികൂടുന്നതിനുളള വ്യഗ്രത നല്ലതു തന്നെ. നിയമലംഘകരായ ഡ്രൈവർമാരെ പിടികൂടുന്നതുവഴി അപകടങ്ങൾ ഒഴിവാക്കാനും മയക്കുമരുന്ന് കണ്ണികളിലേക്ക് അന്വേഷണം എത്തിക്കാനും കഴിയും. പക്ഷേ വിമാനത്താവളങ്ങളിലും മറ്റും രാസലഹരിവസ്തുക്കൾ കണ്ടെത്താനുളള ആധുനിക ഉപകരണങ്ങൾ ഇല്ലെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ ലഹരിയുടെ മൊത്തക്കച്ചവടക്കാരെയും മുഖ്യസൂത്രധാരൻമാരെയും കണ്ടെത്താൻ പൊലീസിനോ അന്വേഷണ ഏജൻസികൾക്കോ കഴിയുന്നില്ല. കണ്ടെയ്നറുകൾ വഴിയും കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുകൾ രാജ്യത്ത് എത്തുന്നുണ്ട്. ഇതും തടയാൻ കഴിയുന്നില്ല.

അതേസമയം, നിരപരാധികളായ ഡ്രൈവർമാരേയും സാധാരണക്കാരേയും പ്രതിക്കൂട്ടിൽ നിറുത്തുകയാണെന്ന പരാതിയും ശക്തമായിട്ടുണ്ട്. തൃശൂർ നഗരത്തിൽ ഓട്ടോക്കാർക്കുള്ള പൊലീസിന്റെ രാത്രികാല നിയന്ത്രണം നിറുത്തലാക്കുകയോ ആധുനിക സംവിധാനങ്ങളിലൂടെ പുന:ക്രമീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും പൊലീസ് കമ്മിഷണർക്കും നിവേദനം നൽകിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ഓട്ടോകൾക്ക് സർവീസ് നടത്തണമെങ്കിൽ ഡ്രൈവർമാർ അതത് സ്റ്റേഷനുകളിൽ ദിവസവും എത്തി ഒപ്പിടണം. പൊലീസ് ഒപ്പിട്ടുകൊടുക്കുന്ന കൈപ്പുസ്തകം ഡ്രൈവർമാർ കൈയിൽ കരുതണം. ഡ്രൈവർമാരിൽ നിന്നും യാത്രക്കാർക്ക് അതിക്രമം നേരിടുന്ന സന്ദർഭങ്ങളിൽ കുറ്റവാളികളെ എളുപ്പത്തിൽ കണ്ടെത്താനാണ് ഇത്തരം നടപടിക്ക് തുടക്കമിട്ടത്. വാട്‌സ് ആപ്, മെസഞ്ചർ തുടങ്ങിയവയിൽ ഡ്രൈവർമാരുടെ ഗ്രൂപ്പുണ്ടാക്കി പൊലീസിനെ അറിയിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് ഓട്ടോഡ്രൈവറും ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനുമായ സതീഷ് കളത്തിൽ നൽകിയ നിവേദനത്തിലെ ആവശ്യം.

അന്യസംസ്ഥാനക്കാരും

സൈബർതട്ടിപ്പുകാരും

അന്യസംസ്ഥാനതട്ടിപ്പുകാർ മുതൽ സൈബർ തട്ടിപ്പുകാർ വരെ മയക്കുമരുന്നിന്റെ വലയിലുണ്ട്. അവരിൽ പലരും ഒരേസമയം ഇരകളും കടത്തുകാരും ആസൂത്രകരുമെല്ലാമാണ്. ഓൺലൈനിലൂടെ ആളുകളെ കബളിപ്പിച്ച് വൻതുകകൾ തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയായ ജാർഖണ്ഡിലെ ധൻബാദിലെ അജിത് കുമാർ മണ്ഡലിനെ(22 ) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. 22 വയസ്സിനുള്ളിൽ പ്രതിക്ക് ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലായി പതിമൂന്നോളം ആഡംബര വീടുകളും ധൻബാദിലെ തുണ്ടിയിൽ നാലേക്കറോളം സ്ഥലവും സമ്പാദ്യമായുണ്ടായിരുന്നു. ജാർഖണ്ഡിൽ ഏക്കറുകളോളം കൽക്കരി ഖനികളുമുണ്ട്. പ്രതിക്ക് രണ്ട് പേഴ്‌സണൽ ബാങ്ക് അക്കൗണ്ടുകളും വെസ്റ്റ് ബംഗാൾ വിലാസത്തിലുള്ള 12 ഓളം ബാങ്ക് അക്കൗണ്ടുകളുമുണ്ട്. ചെറുപ്പത്തിലേ കോടീശ്വരനായി മാറുന്ന ഇത്തരം തട്ടിപ്പുകാരെക്കുറിച്ച് വിശദമായ അന്വേഷണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ലഹരിസംഘങ്ങളുമായി ഇവർക്കുളള ബന്ധം അന്വേഷണവിധേയമാക്കണമെന്നും പറയുന്നു.

സൈബർ കുറ്റവാളികളുടെ

ജാർഖണ്ഡ്, ലഹരിയുടേയും

സൈബർ കുറ്റകൃത്യങ്ങളിലേറെയും ജാർഖണ്ഡ് കേന്ദ്രീകരിച്ചാണ്. പ്‌ളസ്ടു വരെ പഠിച്ചിട്ടുള്ളവരാണെങ്കിലും ബി.ടെക് തുടങ്ങിയ ടെക്‌നിക്കൽ കോഴ്‌സുകൾ കഴിഞ്ഞവരാണ് ഇത്തരം സൂത്രധാരന്മാർ. തട്ടിപ്പിനാവശ്യമായ സാങ്കേതിക കാര്യങ്ങൾക്ക് പരിശീലനം കൊടുക്കുന്നത് ഇവരാണ്. അതിന് കമ്മിഷൻ പറ്റും. തട്ടിപ്പ് നടത്തുന്നവർ അറിയപ്പെടുന്ന പേരാണ് സൈബർവാലാകൾ. ആഡംബര സൗകര്യങ്ങളിൽ ജീവിക്കുന്ന ഇവരെ ഗ്രാമവാസികൾക്ക് വ്യക്തമായി അറിയാമെങ്കിലും ഭയംമൂലം പുറത്ത് പറയാറില്ല. കഞ്ചാവും മയക്കുമരുന്നും അടക്കം ഉപയോഗിക്കുകയും കടത്തുകയും ചെയ്യുന്ന സംഘങ്ങൾ ജാർഖണ്ഡ് ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലും കൂടിവരുന്നുണ്ട്. കൊവിഡ് ഭീതി പൂർണമായും അകന്നതോടെ കേരളത്തിലെത്തുന്ന അന്യസംസ്ഥാനക്കാരുടെ എണ്ണം കൂടിവരികയാണ്. അതേസമയം, അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പാൻമസാല മുതൽ മയക്കുമരുന്നുകൾ വരെ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയതായാണ് പൊലീസ് പറയുന്നത്. ഹോട്ടലുകളിൽ ഭക്ഷണം പാചകം ചെയ്യാനും വിളമ്പാനും മുതൽ വയലുകളിൽ കൊയ്യാൻ വരെ അന്യസംസ്ഥാനതൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടു തന്നെ അന്യസംസ്ഥാനക്കാരിലെ ബോധവത്ക്കരണവും ശക്തമാക്കേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.