 
തൃശൂർ: 'അവകാശം അതിവേഗം' അതിദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി അതിദരിദ്രരിൽ 26 ശതമാനം പേർക്ക് റേഷൻകാർഡ് നൽകി. നാടോടികൾക്ക് റേഷൻ കാർഡ് നൽകാനാവാത്ത സാഹചര്യത്തിൽ ആവശ്യമുള്ളവർ വാർഡ് മെമ്പറെയോ പഞ്ചായത്തുമായോ ബന്ധപ്പെട്ടാൽ തുടർനടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ചാലക്കുടി, തലപ്പിള്ളി താലൂക്കുകളിൽ മുഴുവൻ പേർക്കും റേഷൻ കാർഡ് നൽകിയതായി ജില്ലാ വികസനസമിതി യോഗം വിലയിരുത്തി. കൊടുങ്ങല്ലൂർ താലൂക്കിലെ 48 പേർക്കാണ് കാർഡ് ലഭ്യമാക്കാനുള്ളത്. അവകാശരേഖ നൽകുന്ന പദ്ധതിയിൽ പുരോഗതിയുള്ളതായി യോഗം വിലയിരുത്തി. റേഷൻ, ആധാർ, തിരിച്ചറിയൽ കാർഡുകൾ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ, ഭക്ഷണം, ഭിന്നശേഷിക്കാർക്കുളള തിരിച്ചറിയൽ കാർഡ് എന്നിവ നൽകാനാണ് ആദ്യഘട്ടത്തിൽ മുൻഗണന.
14% പേർക്ക് ആധാർ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡില്ലാത്തവരിൽ 10 ശതമാനം പേർക്കും രേഖകൾ നൽകി.
വയസ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ ലഭ്യമാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പ്രത്യേക പരിഗണന നൽകാൻ അക്ഷയ കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് തദ്ദേശ സ്ഥാപനങ്ങളോട് യോഗം ആവശ്യപെട്ടു. ഇതുവരെ 55 ശതമാനം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകി. അതിദരിദ്രരിൽ വീട്ടുനമ്പർ ഇല്ലാത്തവർക്ക് ആ മാനദണ്ഡം ഒഴിവാക്കി പെൻഷൻ നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. കളക്ടർ ഹരിത വി.കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, എം.എൽ.എമാരായ എൻ.കെ.അക്ബർ, പി.ബാലചന്ദ്രൻ, ഇ.ടി.ടൈസൺ, എ.സി.മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു.
മറ്റ് തീരുമാനങ്ങൾ, നിർദ്ദേശങ്ങൾ
12 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ എൽ.എസ്.ജി.ഡി ഫണ്ടുപയോഗിച്ച് മതിയായ ഡോക്ടർമാരെ ലഭ്യമാക്കും.
സുശാന്തം വയോജനപദ്ധതി ഗുണഭോക്താക്കളിൽ കൃത്യമായെത്തുന്നുണ്ടോ, പകൽവീടുകളുടെ ഉപയോഗം കൃത്യമായി നടക്കുന്നുണ്ടോയെന്നും ഉറപ്പാക്കണം
ചാലക്കുടി, അതിരപ്പിള്ളി, വാഴച്ചാൽ മേഖലയിലെ വന്യമൃഗശല്യം കുറയ്ക്കാൻ വനംവകുപ്പ് പ്രവൃത്തികൾ വേഗത്തിലാക്കണം.
റോഡുകളുടെ നിർമ്മാണവും അമൃത് പദ്ധതിയുടെ ഭാഗമായി പൊളിച്ചവയുടെ പുനർനിർമ്മാണവും പൂർത്തിയാക്കണം.