 
തൃശൂർ: ജില്ലാ ശാസ്ത്രമേള 3, 4 തീയതികളിൽ കുന്നംകുളത്ത് നടക്കും. 139 ഇനങ്ങളിലായി 3800 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. ജില്ലാ ശാസ്‌ത്രോത്സവത്തിന്റെയും വൊക്കേഷണൽ എക്‌സ്‌പോയുടെയും ഉദ്ഘാടനം മൂന്നിന് രാവിലെ 9.30ന് കുന്നംകുളം ടൗൺ ഹാളിൽ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. സമാപന സമ്മേളനം നാലിന് വൈകിട്ട് നാലിന് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
ഗണിത ശാസ്ത്രമേള പെരുമ്പിലാവ് ടി.എം.വി.എച്ച്.എസ്.എസ്, ഐ.ടി, പ്രവൃത്തി പരിചയമേള കുന്നംകുളം ബഥനി ഹൈസ്‌കൂൾ, സാമൂഹിക ശാസ്ത്രമേള ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, ശാസ്ത്രമേള ചൊവ്വന്നൂർ സെന്റ് മേരീസ് സി.ജി.എച്ച്.എസ് എന്നിവിടങ്ങളിൽ നടക്കും. തൃശൂർ, ഇടുക്കി ജില്ലകളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവുമുണ്ടാകും.
മൂന്നിന് രാവിലെ ഒമ്പതിന് വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ പതാക ഉയർത്തും. എ.സി. മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനാകും. എം.എൽ.എമാരായ മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ, പി. ബാലചന്ദ്രൻ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. സമാപന സമ്മേളനത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എം.പി. വിശിഷ്ടാതിഥിയാകും.
പത്രസമ്മേളനത്തിൽ കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, കൺവീനർമാരായ സി.ജെ. ജിജു, ഡെന്നി കെ. ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.
പഠനനിലവാരമറിയാൻ ആപ്പ്: ശാസ്ത്രമേളയിൽ വിദ്യാർത്ഥികളെ അനുമോദിക്കും
തൃശൂർ: എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ പഠനനിലവാരം അറിയാൻ ആപ്പ് രൂപപ്പെടുത്തിയ വിദ്യാർത്ഥികളെ റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ അനുമോദിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ. മണ്ണംപേട്ട മാത ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ പോൾവിൻ പോളിയും ഒമ്പതാം ക്ലാസിലെ അതുൽ ഭാഗ്യേഷുമാണ് പിന്നിലെ താരങ്ങൾ.
ആദ്യ ടേം പരീക്ഷയുടെ വിലയിരുത്തൽ നടത്തുന്നതിനായി ജില്ലാതലത്തിൽ ക്രോഡീകരിക്കപ്പെട്ട 232 സ്കൂളുകളിലെ കുട്ടികളുടെ മാർക്കുകളാണ് ആപ്പിൽ ഉൾപ്പെടുത്തുന്നത്. അടുത്ത പരീക്ഷ നടക്കുമ്പോൾ രണ്ട് ടേമിലെയും മാർക്കുകൾ താരതമ്യം ചെയ്യാനും കുട്ടികളുടെ പഠനനിലവാരത്തിലെ മാറ്റങ്ങൾ അറിയാനും കഴിയും. അതിനനുസരിച്ച് കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകാനുമാകുമെന്ന് ടി.വി മദനമോഹനൻ അറിയിച്ചു.
ആപ്പിലെ സൗകര്യം
ജില്ലയിലെ മുഴുവൻ കുട്ടികളുടെയും മാർക്കുകൾ അറിയാനും ഒരൊറ്റ ക്ലിക്കിൽ അപഗ്രഥിക്കാനുമുള്ള സൗകര്യം ആപ്പിലുണ്ട്. ചാവക്കാട്, ഇരിങ്ങാലക്കുട, തൃശൂർ വിദ്യാഭ്യാസ ജില്ലകളിലെ കുട്ടികളുടെ മാർക്കുകൾക്കു പുറമെ ഓരോ സ്കൂളിലെയും ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന ഗ്രേഡുകൾ, വിജയശതമാനം എന്നിവ അറിയാനും ആപ്പ് സഹായകരമാകും.