p

തൃശൂർ: സമരത്തെ തുടർന്ന് കാമ്പസിൽ പൊലീസിനെ വിളിച്ചുവരുത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യിച്ച തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ ഇൻ ചാർജിന്റെ കാല് തല്ലിയൊടിക്കുമെന്ന എസ്.എഫ്.ഐ നേതാവിന്റെ ഭീഷണിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞമാസം 25നായിരുന്നു സംഭവം. വിദ്യാർത്ഥി സമരത്തിനിടെ കോളേജിലെത്തിയ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഹസൻ മുബാറക്കും സംഘവുമാണ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി. ദിലീപിനെ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഭീഷണിപ്പെടുത്തിയത്.

'അദ്ധ്യാപകരോട് ഞങ്ങൾക്ക് ബഹുമാനമാണ്. പക്ഷേ, തെമ്മാടിത്തരം കാണിച്ചാൽ കാല് തല്ലിയൊടിക്കും. ഞങ്ങൾ കുറേ പേരെ കണ്ടിട്ടുണ്ട്. സിൻഡിക്കേറ്റിലും സെനറ്റിലും ഒക്കെ അംഗങ്ങളാണ്. എസ്.എഫ്.ഐയുടെ കുട്ടികളെ തൊട്ടാലുണ്ടല്ലോ, മര്യാദയ്ക്ക് മാപ്പെഴുതി കൊടുത്തോ. ഇല്ലെങ്കിൽ, കാല് തല്ലിയൊടിക്കും, പുറത്തിറങ്ങ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയാണ് പറയുന്നത്." എന്നായിരുന്നു അദ്ധ്യാപകരുടെയും പൊലീസിന്റെയും സാന്നിദ്ധ്യത്തിൽ ഭീഷണിപ്പെടുത്തിയത്.

സംഭവത്തിൽ പരാതി നൽകിയെങ്കിലും ജാമ്യം കിട്ടാവുന്ന വകുപ്പു ചുമത്തിയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന ആറു പേർ കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ചെന്നാണ് ഈസ്റ്റ് പൊലീസിന്റെ കേസ്. വിദ്യാർത്ഥി ധരിച്ചുവന്ന തൊപ്പിയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് തുടക്കം. തൊപ്പി മാറ്റണമെന്ന് ഡോ. ദിലീപ് ആവശ്യപ്പെട്ടു. മാറ്റാതിരുന്നതിനെ തുടർന്ന് നിർബന്ധപൂർവം മാറ്റിയെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. ഇതിനെതിരെ എസ്.എഫ്.ഐ പ്രിൻസിപ്പലിനെ ഉപരോധിച്ചു. ഇതോടെ പൊലീസിനെ വിളിച്ചു വരുത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യിച്ചു. എസ്.എഫ്.ഐക്കാരായ ചില വിദ്യാർത്ഥികളെ പുറത്താക്കി.

തുടർന്ന് എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ ഹസൻ മുബാറക്കിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഓഫീസിലെത്തിയാണ് ഭീഷണിപ്പെടുത്തിയത്. പ്രിൻസിപ്പലായി കഴിഞ്ഞദിവസം മിനിമോൾ ചുമതലയേറ്റതോടെ ദിലീപ് ചുമതല ഒഴിഞ്ഞിരുന്നു.