tandika
ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിന്റെ പോട്ടയിലെ പാട്ട പ്രവൃത്തി കച്ചേരിയിൽ നിന്നും തണ്ടിക പുറപ്പെടുന്നു.

ചാലക്കുടി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇന്നും നാളെയുമായി നടക്കുന്ന തൃപ്പുത്തരി മുക്കുടി നിവേദ്യങ്ങൾക്കുള്ള ഇനങ്ങൾ പോട്ടയിൽ നിന്നും തണ്ടികയായി കൊണ്ടുപോയി. പത്തരത്തണ്ട് നേന്ത്രപ്പഴം, അഞ്ചുതണ്ട് കദളിപ്പഴം, രണ്ടുവട്ടി ഉണക്കല്ലരി എന്നിവയായിരുന്നു തണ്ടികയിലെ പ്രധാനയിനങ്ങൾ. പച്ചക്കുരുമുളക്, പച്ചമാങ്ങ, ഇടിയൻ ചക്ക, ഇഞ്ചി, വഴുതന എന്നിവ ഉൾപ്പെടുന്ന ചെറുപൊതിയുമുണ്ടായി. ഉണക്കല്ലരി, പഴങ്ങൾ, ഇടിയൻചക്ക എന്നിവ ചേർത്താണ് സംഗമേശ്വരന് തൃപ്പുത്തരി നിവേദ്യം നൽകുന്നത്. ചെറുപൊതിയിലെ ഇനങ്ങളും പഴങ്ങളും ചേർത്ത് മുക്കുടി നിവേദ്യവും തയ്യാറാക്കും. പോട്ടയിലെ ദേവസ്വം പാട്ടം പ്രവൃത്തി കച്ചേരിയിൽ പൂജാദി കർമ്മകളോടെയാണ് ഭഗവാന്റെ നിവേദ്യത്തിന് ഇനങ്ങൾ സജ്ജമാക്കിയത്. മേത്താൾ മാടപ്പാട്ട് അപ്പുനായരുടെ നേതൃത്വത്തിലായരുന്നു ചടങ്ങുകൾ. ശംഖ് നാദവും ആർപ്പുവിളികളും മുഖരിതമായ അന്തരീക്ഷത്തിൽ തണ്ടിക സംഘം ഇരിങ്ങാലക്കുടയിലേക്ക് പുറപ്പെട്ടു. നിരവധി ഭക്തജനങ്ങളും ഒപ്പമുണ്ടായി. ആചാരപ്രകാരം പൊലീസുകാർ തണ്ടിക സംഘത്തിന് അകമ്പടി സേവിച്ചു. ദേവസ്വം ചെയർമാൻ യു. പ്രദീപ് മേൽനോട്ടം വഹിച്ചു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ എബി ജോർജ്, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ എന്നിവർ ചടങ്ങുകളിൽ സംബന്ധിച്ചു. പോട്ട എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിലുള്ള സമിതി സദ്യയും ഒരുക്കിയിരുന്നു. സെക്രട്ടറി വത്സൻ ചമ്പക്കര, കെ.ജി. സുന്ദരൻ, എൻ. കുമാരൻ, എം.ആർ. വാസുദേവൻ, പ്രദീപ്കുമാർ മുല്ലശേരി എന്നിവർ നേതൃത്വം നൽകി.