ചാലക്കുടി: ഉപജില്ലാ സ്‌കൂൾ കായിക മേള നവംബർ 2 മുതൽ 4വരെ കാർമ്മൽ സ്റ്റേഡിയത്തിൽ നടക്കും. 85 വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. അഞ്ച് വിഭാഗങ്ങളിലായി 117 ഇനങ്ങളിലാണ് മത്സരം. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഏറ് മത്സരങ്ങൾ ചൊവ്വാഴ്ച നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മത്സരാർത്ഥികൾക്കും അദ്ധ്യാപകർക്കും മേളയിൽ ഭക്ഷണം ഒരുക്കും. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള കായികമേള വർണാഭമാക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയാക്കി. ബുധനാഴ്ച രാവിലെ മാർച്ച് പാസ്റ്റിന് ശേഷം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ എബി ജോർജ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠുമഠത്തിൽ, എ.ഇ.ഒ: കെ.വി. പ്രദീപ് തുടങ്ങിയവർ സംബന്ധിക്കും. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, എ.ഇ.ഒ: കെ.വി. പ്രദീപ്, ജനറൽ കൺവീനർ ടി.എസ്. സുധീഷ്, കൺവീനർ കെ.വി. അജയ്കുാർ, സ്‌പോർട്‌സ് സെക്രട്ടറി വിന്നി ബെസ്റ്റിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.