പാവറട്ടി: മണലൂർ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ മുരളി പെരുനെല്ലി എം.എൽ.എയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് എം.എൽ.എയുടെ പൂവത്തൂരിലെ ഓഫീസിനു മുന്നിൽ നാളെ ബി.ജെ.പി ഏകദിന ഉപവാസ സമരം നടത്തുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാഞ്ഞാണി-ചാവക്കാട് റോഡിന്റെ പ്രവർത്തനം 7.5 കി.മീറ്ററിൽ ഒതുക്കാതെ പൂർണമായും നടപ്പാക്കുക, കനോലികനാലിൽ മഹാപ്രളയം മുതൽ അടിഞ്ഞുകൂടി കിടക്കുന്ന മണ്ണും ചളിയും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ എടുത്തു മാറ്റാൻ സ്വത്വര നടപടികൾ സ്വീകരിച്ച് മത്സ്യ ബന്ധന തൊഴിലാളികളെയും കർഷകരെയും സംരക്ഷിക്കുക, കാർഷിക മേഖലയെ തകർക്കുന്ന നിലപാടുകൾ തിരുത്തുക, മണ്ഡലത്തിലെ വ്യാപകമായി അനധികൃത പുഴ നികത്തലിൽ എം.എൽ.എ സ്വീകരിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.ജെ.പി മണലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഉപവാസ സമരം. സമരം രാവിലെ 10ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ഉദ്ഘാടനം ചെയ്യും. സമാപനം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരിയും ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ബി.ജെ.പി മണലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. അനീഷ്, സുജിത്ത് പാണ്ടായിരിക്കൽ, മനോജ് മാനിന, വി.വി. ഹരിഹരൻ എന്നിവർ പങ്കെടുത്തു.