1
സമ്മാർഹമായ ടിക്കറ്റുമായി ജമീല.

പാവറട്ടി: ദുരിത ജീവിതത്തിന് ആശ്വാസമായി ഭാഗ്യദേവതയുടെ കടാക്ഷം, ജമീല ഇനി കോടീശ്വരി. ഭാഗ്യക്കുറി ടിക്കറ്റുമായി മുഹമ്മദ് വീട്ടിലെത്തിയപ്പോഴാണ് ജമീല അറിയുന്നത് തനിക്കാണ് സർക്കാറിന്റെ ഫിഫ്ടി 50 ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചതെന്ന്. വെങ്കിടങ്ങ് സ്വദേശി അറയ്ക്കവീട്ടിൽ ജമീലയ്ക്കാണ് ഒരു കോടി രൂപ സമ്മാനത്തുകയുള്ള ലോട്ടറി അടിച്ചത്.

തൊയക്കാവ് മുനമ്പ് കോളനിയിലെ ലക്ഷം വീട്ടിലാണ് ജമീലയുടെ താമസം. പാവറട്ടി ചിറ്റാട്ടുകര റോഡിലെ ഐശ്വര്യ ലോട്ടറി ഏജൻസിയുടെ വിതരണക്കാരനായ പി.കെ. മുഹമ്മദിൽ നിന്ന് വാങ്ങിയ എഫ്.ആർ 106139 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മുഹമ്മദിന്റെ കൈയ്യിൽ നിന്നാണ് ജമീല സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ളത്.

ജമീല പറയുന്ന നമ്പർ മുഹമ്മദ് മാറ്റിവയ്ക്കും. ടിക്കറ്റിന്റെ പണം പിന്നീടാണ് നൽകുക. ഒന്നാം സമ്മാനം ലഭിച്ച ഈ ടിക്കറ്റും അതുപോലെ മാറ്റിവച്ചതാണ്. സമ്മാനം അടിച്ചത് ആദ്യം മുഹമ്മദാണ് അറിഞ്ഞത്.

കഷ്ടപ്പാടിന് ദൈവം അറിഞ്ഞു നൽകിയതാണ് ഒന്നാം സമ്മാനം. കോളനിയിലെ ചിതലരിച്ച ലക്ഷം വീടിന് പകരം പുതിയ വീട് പണിയണം. ഏക മകനായ ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിന്റെ വിവാഹം നല്ല നിലയിൽ നടത്തണം.
- ജമീല.