പാവറട്ടി: ഇടിയഞ്ചിറ റെഗുലേറ്ററിന്റെ ഷട്ടറുകൾക്കുണ്ടായ തകരാർ മൂലം മുല്ലശ്ശേരി കെ.എൽ.ഡി.സി കനാലിലേക്ക് ഉപ്പ് വെള്ളം കയറി. കോൾപ്പാടങ്ങളിൽ കൃഷിപ്പണി ആരംഭിച്ചതിനാൽ കർഷകർ ആശങ്കയിലാണ്. ഉപ്പുവെള്ളം കുടിവെള്ള ശേഖരണത്തിനും ഭീഷണിയാവുകയാണ്. ചില ഷട്ടറുകൾ പൂർണമായി അടയ്ക്കാൻ പറ്റാത്തവിധം തകരാറിലായിട്ടുണ്ട്. ഷട്ടർ ശരിയാക്കുംവരെ ഉപ്പ് വെള്ളം തടഞ്ഞു നിറുത്താൻ റെഗുലേറ്ററിന് മുൻവശത്ത് താത്കാലിക വളയംകെട്ട് നിർമ്മിക്കുകയാണ് ഏക പോംവഴി. അത് പൂർത്തിയാക്കാനും ദിവസങ്ങൾ വേണ്ടിവരും.
ഇടിയഞ്ചിറ റെഗുലേറ്റർ ഷട്ടർ തകരാർ മൂലം ഉപ്പ് വെള്ളം ജലനിധിയുടെ സ്രോതസ്സായ മുല്ലശ്ശേരി കെ.എൽ.ഡി.സി കനാലിലേക്ക് കയറിയതോടെ എളവള്ളി പഞ്ചായത്തിന്റെ ജലനിധി കുടിവെള്ള പദ്ധതി വഴിയുള്ള ജലവിതരണം താത്കാലികമായി നിറുത്തിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജലനിധിയിലെ വെള്ളം ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കരുത് എന്ന് ജലനിധി സെക്രട്ടറി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഉപ്പുവെള്ളം കയറാതിരിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി.
-മുരളി പെരുനെല്ലി എം.എൽ.എ