 
പുതുക്കാട്: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുളള കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രപരിസരത്തെ കുറ്റിക്കാടുകൾ നിക്കി ശുചീകരിക്കുന്ന പ്രവർത്തികൾക്ക് തുടക്കം. ദേവസ്വം ബോർഡ് നേരിട്ടാണ് ഇത്തവണ ശുചീകരണം നടത്തുന്നത്.
പുതിയ ക്ഷേത്ര ഉപദേശക സമിതിയുടെ രൂപീകരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. അടുത്ത ഞായറാഴ്ച രാവിലെ പത്തിനാണ് ഉപദേശക സമിതി ഭാരവാഹികളെ തിരഞ്ഞെടുക്കാൻ യോഗം വിളിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് ദേവസ്വം ഓഫിസറുടെ അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്ഷേത്ര ഉപദേശകസമിതിയുടെ കാലാവധി തീർന്നിട്ട് രണ്ട് വർഷം കഴിഞ്ഞു. കാലാവധി തീർന്ന കമ്മിറ്റിക്ക് ആറുമാസം സമയം നീട്ടി കൊടുത്തിരുന്നു. പിന്നീട് പുനരുദ്ധാരണക്കമ്മിറ്റി എന്ന പേരിൽ ഉപദേശകസമിതി ഭാരവാഹികൾക്ക് ചുമതല നൽകിയിരുന്നു. ഇവരുടെ നേതൃത്വത്തിൽ ഭക്ത ജനങ്ങളുടെ സഹകരണത്തോടെ ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിൽ കരിങ്കല്ല് വിരിക്കൽ, പടിഞ്ഞാറെ നടയിൽ ടെയിൽ വിരിക്കൽ എന്നീ പ്രവൃത്തികൾ നടത്തിയിരുന്നു.
കുറുമാലിക്കാവിൽ കോടികൾ വരുമാനം ഉണ്ടായിട്ടും ക്ഷേത്ര പുരോഗതിക്ക് ദേവസ്വം ബോർഡ് ഇടപെടുന്നില്ലെന്ന ആക്ഷേപം സംബന്ധിച്ച് കേരള കൗമുദി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് ദേവസ്വം ബോർഡിന്റെ നടപടി.