 
കൊടുങ്ങല്ലൂർ: പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിച്ച് കേന്ദ്ര സർക്കാർ രാജ്യത്തെ മുടിഞ്ഞ തറവാടാക്കി മാറ്റിയെന്ന് മന്ത്രി വി.എൻ. വാസവൻ. സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്ത് വീണ്ടും സംഘർഷം സൃഷ്ടിക്കാനുള്ള നീക്കം മോദിസർക്കാർ തുടങ്ങിക്കഴിഞ്ഞു.
മതാധിഷ്ഠിത രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നു. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണിത്. കാലങ്ങളായി തൊഴിലാളികൾ സമരം ചെയ്ത് നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്നും വാസവൻ കുറ്റപ്പെടുത്തി.
തൊഴിലാളി വർഗത്തിന്റെ ഐക്യം തകർക്കാനാണ് മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നത്. ഇത് ചെറുക്കാൻ തൊഴിലാളികൾ മുൻപന്തിയിലുണ്ടാകും. ലോകത്തിന് മാതൃകയായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന എൽ.ഡി.എഫ് സർക്കാർ ഇന്ത്യക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.