തൃശൂർ: കോർപ്പറേഷന്റെ കരട് മാസ്റ്റർ പ്ലാനിന് കൗൺസിൽ യോഗത്തിൽ അംഗീകാരം. 55 ഡിവിഷനുകളിലും പ്രത്യേക ഡിവിഷൻസഭ വിളിച്ചുചേർത്ത് മാസ്റ്റർ പ്ലാൻ കരടിലെ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കും. പദ്ധതിയുടെ പൂർണരൂപം കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തി യോഗത്തിന്റെ അംഗീകാരം നേടുകയും ചെയ്യും. അതേസമയം മാസ്റ്റർ പ്ലാനിന്റെ കരട് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാതെ സർക്കാരിലേക്ക് അയച്ചതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കലഹമുണ്ടായി. കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാതെ മാസ്റ്റർ പ്ലാനിന്റെ കരട് സർക്കാരിലേക്ക് അയച്ചെന്ന് പറഞ്ഞ് കഴിഞ്ഞ ബഡ്ജറ്റ് അവതരണ യോഗത്തിൽ ബഹളമുണ്ടാക്കിയ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ മാപ്പ് പറയണമെന്ന ഭരണപക്ഷത്തിന്റെ ആവശ്യം ഒടുവിൽ അവർക്ക് തന്നെ വയ്യാവേലിയായി. ഭരണ പക്ഷത്തിനെതിരെ അന്നത്തെ യോഗ മിനിറ്റ്‌സ് ഹാജരാക്കി പ്രതിപക്ഷം തിരിച്ചടിച്ചതോടെ ഭരണപക്ഷത്തിൽ തന്നെ ചേരികളായി. ടൗൺപ്ലാനിംഗ് വിഭാഗം മാസ്റ്റർപ്ലാനിന്റെ കരട് സർക്കാരിന് അയച്ചുകൊടുത്തുവെന്നായിരുന്നു മിനിറ്റ്‌സിൽ വ്യക്തമാക്കിയിരുന്നത്. മാസ്റ്റർ പ്ലാനിന്റെ കരട് സർക്കാരിലേക്ക് അയച്ചുനൽകിയെന്ന വാദം ഭാവനാവിലാസം മാത്രമായിരുന്നുവെന്ന് വാദിച്ച ഭരണപക്ഷത്തെ വർഗീസ് കണ്ടംകുളത്തിയടക്കമുള്ള ഭരണപക്ഷത്തിന് ഇതോടെ ഉത്തരംമുട്ടി. വിഷയത്തിൽ കൃത്യമായ ചർച്ചയാണ് വേണ്ടതെന്ന് ബി.ജെ.പിയിലെ എൻ. പ്രസാദും പൂർണിമ സുരേഷും ആവശ്യപ്പെട്ടു. ഇതിനിടെ ഭരണപക്ഷത്തെ ഷീബ ബാബു, കരോളിൻ എന്നിവരും ചർച്ചയാണ് വേണ്ടതെന്നും മാപ്പ് അല്ല പ്രശ്‌നമെന്നും ചൂണ്ടിക്കാട്ടിയത് സി.പി.എമ്മിനു തിരിച്ചടിയായി. മാപ്പ് പറയണമെന്നത് വികാരപരമായ നിലപാടാണെന്നും അന്നത്തെ തെറ്റ് ചൂണ്ടിക്കാട്ടുകയാണുണ്ടായതെന്നും മാസ്റ്റർപ്ലാനിൽ ചർച്ചയാണ് വേണ്ടതെന്നും പി.കെ. ഷാജൻ പറഞ്ഞു. ജോൺ ഡാനിയേൽ, സുനിൽരാജ്, ലാലി വിൻസന്റ്, സാറാമ്മ റോബ്‌സൺ, എൻ.വി. രാധിക, കെ.ജി. നിജി, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മാസ്റ്റർ പ്ലാൻ കരടിന് അംഗീകാരമായി. 55 ഡിവിഷനുകളിലും പ്രത്യേക ഡിവിഷൻസഭ വിളിച്ചുചേർത്ത് ജനങ്ങളുടെ ആശങ്ക ദൂരീകരിക്കും.
-എം.കെ. വർഗീസ്, മേയർ.

മാസ്റ്റർ പ്ലാനിന്റെ കൃത്യമായ കരടുരൂപം രേഖകൾ സഹിതം എല്ലാ കൗൺസിലർമാർക്കും വിതരണം ചെയ്ത് യോഗത്തിൽ അവതരിപ്പിച്ച ശേഷം മാത്രമേ സർക്കാരിലേക്ക് അയച്ചുകൊടുക്കാൻ പാടുള്ളൂ.
-രാജൻ ജെ.പല്ലൻ, പ്രതിപക്ഷ നേതാവ്.

നഗരത്തിന്റെ പൈതൃകവും മതസൗഹാർദവും നിലനിറുത്തുന്ന രീതിയിലുള്ള ഗഹനമായ പഠനത്തോടുകൂടി സുതാര്യതയോടെ അമൃതം സിറ്റി മാസ്റ്റർ പ്ലാൻ നടപ്പാക്കണം
-വിനോദ് പൊള്ളാഞ്ചേരി, ബി.ജെ.പി പാർലമെന്റി പാർട്ടി ലീഡർ.