ചിറയിൻകീഴ്: മുരുക്കുംപുഴ കടവിന് സമീപത്തെ ജലാശയം ചെളിയും മണ്ണും നിറഞ്ഞ് കിടക്കുന്നതിനാൽ കടവിൽ കടത്തുവള്ളം അടുക്കാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കുറ്റിച്ചെടികൾക്കിടയിലൂടെ നടന്നു വേണം വള്ളത്തിൽ കയറാൻ. മത്സ്യബന്ധന വള്ളങ്ങൾ പോലും അടുപ്പിക്കാൻ കഴിയാത്തതിനാൽ മത്സ്യത്തൊഴിലാളികളും ബുദ്ധിമുട്ടിലാണ്. ഇവിടെ കുഴിച്ച് മണൽ നീക്കി കടവിലേക്ക് വള്ളങ്ങൾ അടുപ്പിക്കാൻ പറ്റുന്ന സാഹചര്യം ഒരുക്കണമെന്ന് ദീർഘനാളുകളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ കേട്ട ഭാവം നടിക്കുന്നില്ല. വിനോദ സഞ്ചാരികളുൾപ്പെടെ നിരവധി പേർ വന്നുപോകുന്ന സ്ഥലമായ ഇവിടുത്തെ കടവിലെ പടവുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അതിനാൽത്തന്നെ വള്ളം കടവിൽ അടുപ്പിച്ചാൽ നിലവിലത്തെ അവസ്ഥയിൽ വള്ളത്തിൽ കയറാനോ ഇറങ്ങാനോ ഏറെ ബുദ്ധിമുട്ടാണ്. അവധി ദിവസങ്ങളിലടക്കം കായൽത്തീരത്തിന്റെ ഭംഗി അസ്വദിക്കുന്നതിനായി നിരവധി ആളുകൾ ഇവിടെ എത്തുന്നുണ്ട്. ടോയ്‌ലെറ്റ് ഇല്ലാത്തത് ഇവിടെയെത്തുന്ന സഞ്ചാരികളെ കാര്യമായി ബാധിക്കും. മുരുക്കുംപുഴ കടവിൽ നിന്നാരംഭിച്ച് അഴൂർ പാലത്തിൽ എത്തുന്ന തീരദേശ റോഡ് യാഥാർത്ഥ്യമാകുമ്പോൾ ഏറെ വികസനം വരുന്ന സ്ഥലം കൂടിയാണ് മുരുക്കുംപുഴ കടവ്. മുരുക്കുംപുഴയെയും കഠിനംകുളത്തെയും ബന്ധിപ്പിച്ച് പാലം വരണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളിലേറെ പഴക്കമുണ്ട്. കഠിനംകുളം, മര്യനാട്,ചാന്നാങ്കര നിവാസികൾക്ക് ദേശീയപാതയിലേക്കും എം.സി റോഡിലേക്കും എത്തുന്നതിനായി ഇവിടെ ഒരു പാലം വരേണ്ടത് അത്യാവശ്യമാണ്.