kodiyeri

സൗമ്യമായ ഇടപെടലുകളിലൂടെ സമൂഹത്തിന്റെയാകെ സ്വീകാര്യത നേടിയപ്പോഴും സി.പി.എമ്മിന്റെ സംഘടനാനേതൃത്വത്തിൽ അണികളെ ഉത്തേജിപ്പിക്കുന്ന കരുത്ത് പ്രകടിപ്പിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. പാട്ടി സെക്രട്ടറിയെന്ന നിലയിൽ ഭരണവും പാർട്ടിയും മുന്നണിയും ഒരേ വഴിയിലാണെന്നുറപ്പിക്കാൻ ജാഗ്രതയോടെ നില കൊണ്ട അദ്ദേഹം ഒന്നാം പിണറായി സർക്കാരിന്റെ വിജയത്തിന്റെ പിന്നിലെ കരുത്തായി. പ്രതിസന്ധികളുടെ കാലത്ത് ആ താങ്ങ് ഇല്ലാതാവുന്നത് സി.പി.എമ്മിനും ഇടതുമുന്നണിക്കും അപരിഹാര്യമായ നഷ്ടമാണ്.
സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമായ രണ്ട് പതിറ്റാണ്ട്

ഔദ്യോഗികചേരിയുടെ നെടുംതൂണായിരുന്നു. അപ്പോഴും അദ്ദേഹത്തിന് മദ്ധ്യസ്ഥന്റെ റോളുണ്ടായിട്ടുണ്ട്. പാർട്ടിയിൽ ആരെയും പിണക്കാതെ തീരുമാനങ്ങളെടുക്കാനുള്ള കരുത്തും ചാതുര്യവും കോടിയേരിക്കുണ്ടായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇടതുമുന്നണിയിൽ സമ്മർദ്ദരാഷ്ട്രീയം പയറ്റിയ സി. പി. ഐയെ അനുനയിപ്പിച്ച് വരുതിയിലാക്കി മുന്നണിക്ക് പരിക്കേൽക്കാതെ സംരക്ഷിച്ചത് കോടിയേരിയുടെ സംഘാടകമികവാണ്. രാഷ്ട്രീയ മറുപടി സി.പി.ഐക്ക് നൽകേണ്ടി വന്നപ്പോൾ അത് കൃത്യമായി നൽകി. ആർക്കും മുറിവേറ്റതുമില്ല. ആ പാർട്ടി ഇടതുമുന്നണിയുടെ ശക്തിയാണെന്ന് പ്രഖ്യാപിച്ചാണ് അനുനയം സാധിച്ചത്.

മൂർച്ചയേറിയ ഇടപെടലുകളായിരുന്നു കോടിയേരിയുടേത്. പ്രതിസന്ധികളെ തരണം ചെയ്തത് ഈ ഇടപെടൽ കൊണ്ടാണ്. സമ്മർദ്ദങ്ങളുടെയും പ്രതിസന്ധികളുടെയും നടുക്കടലിലും പതറാത്ത മനസ്ഥൈര്യം വിദ്യാർത്ഥികാലം തൊട്ടേ ശീലിച്ച സംഘടനാപ്രവർത്തനത്തിൽ നിന്നാണ് ആർജ്ജിച്ചത്.

1988ൽ സി.പി.എം സംസ്ഥാന കമ്മിറ്റിയിലെത്തിയതാണ് കോടിയേരി. 90കൾ മുതൽ സംസ്ഥാന നേതൃത്വത്തിൽ സജീവസാന്നിദ്ധ്യമായി. തൊണ്ണൂറുകളുടെ ഒടുവിൽ സി.ഐ.ടി.യു പക്ഷം വെട്ടിനിരത്തപ്പെട്ടപ്പോഴും പിന്നീട് വി.എസ്- പിണറായി പോര് മുറുകിയപ്പോഴുമെല്ലാം കോടിയേരി പക്ഷങ്ങൾക്കിടയിലെ പക്ഷമില്ലാത്ത മുഖമായി നിലകൊണ്ടു. വിഭാഗീയതയുടെ കനലുകൾ ഒരിക്കലും വി.എസ്- കോടിയേരി ബന്ധത്തെ ബാധിച്ചില്ല. പിണറായി വിജയനെ ജ്യേഷ്ഠസഹോദരന്റെ സ്ഥാനത്താണ് പ്രതിഷ്ഠിച്ചത്. ഔദ്യോഗിക ചേരിയിലെ ഉറച്ച മുഖമായപ്പോഴാണ് ഇടഞ്ഞുനിന്ന വി.എസിനെ അനുനയിപ്പിക്കാനുള്ള ദൗത്യം പലപ്പോഴും കോടിയേരി ഏറ്റെടുത്തത്. രാഷ്ട്രീയ എതിരാളികൾക്ക് മുന്നിൽ മറ്റൊരു കോടിയേരി ആയിരുന്നു. എതിരാളികളെ നിലംപരിശാക്കുന്ന രാഷ്ട്രീയാക്രമണം നടത്തുന്ന കോടിയേരിയെ നിയമസഭയിലും പുറത്തും കണ്ടു. പാർലമെന്റേറിയനായും ഭരണാധികാരിയായും ഒരുപോലെ തിളങ്ങിയ കോടിയേരി എതിരാളികൾക്ക് നേരേ പായിക്കുന്ന ആക്ഷേപത്തിന്റെ കൂരമ്പുകൾ രാഷ്ട്രീയകേരളത്തെ ഇളക്കിമറിച്ചിട്ടുണ്ട്.

2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്ന കോടിയേരി മികച്ച നിലയിലാണ് പൊലീസിനെ കൈകാര്യം ചെയ്തത്. ജനമൈത്രി പൊലീസും ഉത്തരവാദിത്വ ടൂറിസവുമൊക്കെ മന്ത്രിയെന്ന നിലയിൽ കോടിയേരിയുടെ സംഭാവനകളായിരുന്നു.

2011-16കാലത്ത് നിയമസഭയിൽ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനോടൊപ്പം ഉപനേതാവായി കോടിയേരി തിളങ്ങി. സോളാർ, ബാർ കോഴ കേസുകളിൽ യു.ഡി.എഫ് സർക്കാരിനെ കീറിമുറിച്ച രാഷ്ട്രീയാക്രമണത്തിന് നിയമസഭയിൽ അദ്ദേഹം നേതൃത്വം കൊടുത്തു. 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനകാലത്തുണ്ടായ ജിഷ വധക്കേസിലെ പൊലീസന്വേഷണം പഴി കേൾപ്പിച്ചപ്പോൾ രേഖാചിത്രം വരച്ചുള്ള അന്വേഷണത്തെ പരിഹസിച്ച കോടിയേരിയുടെ മുഖം മുന്നിലുണ്ട്. രേഖാചിത്രം വരച്ചാണ് അന്വേഷിക്കുന്നതെങ്കിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെക്കൊണ്ട് അന്വേഷിപ്പിച്ചാൽ പോരേയെന്ന പരിഹാസം യു.ഡി.എഫിനെ കീറിമുറിച്ചു.

സങ്കീർണമായ പ്രശ്നങ്ങളെയും സൗമ്യതയോടെ പരിഹരിക്കാനുള്ള കോടിയേരിയുടെ നയതന്ത്രജ്ഞത അനുഭവിച്ചവരിൽ പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവനുമെല്ലാമുണ്ട്.

അണികളെ ഉണർത്തുന്ന വാക്പ്രയോഗങ്ങളിലും കോടിയേരി മുന്നിൽ നിന്നു. ആർ.എസ്.എസ്- സി.പി.എം സംഘർഷം മുറ്റിനിൽക്കെ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോടിയേരി നടത്തിയ പാടത്ത് പണി തന്നാൽ വരമ്പത്ത് കൂലിയെന്ന പ്രസംഗം വിവാദമുയർത്തി. "പാർട്ടി പ്രവർത്തകരെ ഇങ്ങോട്ടാക്രമിച്ചാൽ വന്നയാൾ വന്നതുപോലെ തിരിച്ചു പോകാൻ പാടില്ല. പ്രതിരോധിക്കണം. തിരിച്ച് അങ്ങോട്ട് ആക്രമിക്കാൻ പോകണമെന്നല്ല ഞാൻ പറഞ്ഞത്. നമ്മളെ ഒരീച്ച കുത്താൻ വന്നാൽ അതിനെ തട്ടിക്കളയില്ലേ?"- ഇതാണ് കോടിയേരിയിസം.

ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ദിവസമായിരുന്നു കോടിയേരിയുടെ വിവാഹം. കല്യാണസ്ഥലത്ത് നിന്ന് സമ്മേളനനഗരിയിലേക്ക് പോയ കോടിയേരി വീട്ടിൽ മടങ്ങിയെത്തിയത് പിറ്റേന്നാണ്. ഈ പാർട്ടിക്കൂറാണ് ജീവിതാന്ത്യം വരെയും കോടിയേരിയുടെ രാഷ്ട്രീയജീവിതത്തിന് കരുത്തായത്.

രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്ക്കൊത്തുയരുന്നില്ലെന്ന വിമർശനമുണ്ട്. ഈ ഘട്ടത്തിൽ പാർട്ടിക്കും മുന്നണിക്കും പോറലേൽക്കാതെ കൊണ്ടുപോകാനുള്ള കരുത്തുറ്റ കണ്ണിയാണ് നഷ്ടമാകുന്നത്. ആ 'കോടിയേരിയിസം' ഇല്ലെന്നത് പാർട്ടിക്ക് വെല്ലുവിളിയാണ്.