കടയ്ക്കാവൂർ: അഞ്ചുതെങ്ങ് തീരദേശ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. മാമ്പള്ളി, മീരാൻകടവ് പാലം എന്നീ മേഖലകളിലാണ് കൂടുതലായും നായ്‌ക്കൂട്ടം അലഞ്ഞു തിരിയുന്നത്. നായ്ക്കൾ പ്രദേശം കൈയടക്കിയതോടെ രാവിലെ പ്രഭാത സവാരിക്കിറങ്ങുന്നവരും, പത്രവിതരണക്കാരും, സൊസൈറ്റികളിൽ പാല് കൊണ്ട് പോകുന്നവരും, തൊഴിലിടങ്ങളിലേക്ക് പോകുന്നവരും, സ്കൂൾ കുട്ടികളും ഭീതിയിലാണ്.
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും, പൊന്തക്കാടുകളും, മീരാൻകടവ് പാലവും കേന്ദ്രീകരിച്ചാണ് നായ്ക്കളുടെ വിശ്രമസങ്കേതം. കോഴി, താറാവ്, ആട്, പശുക്കിടാങ്ങളെയും തെരുവുനായ്ക്കൾ ആക്രമിച്ച് കൊല്ലുകയാണ്.
കൂട്ടമായെത്തുന്ന തെരുവ് നായ്ക്കളുടെ അക്രമം ഭയന്ന് തീരദേശ മേഖലയിലുള്ളവർ വീടുകളിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. പഞ്ചായത്ത് അധികൃതർ വിഷയത്തിൽ ഇടപെടുകയും തീരദേശ മേഖലകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.