malinyam-thalliya-nilayil

കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം വ്യാപകമായതോടെ ജനം പൊറുതിമുട്ടി. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നെങ്കിലും മൗനത്തിലാണ് പഞ്ചായത്തധികൃതർ. ദേശീയപാതയ്ക്ക് ഇരുവശവും മാലിന്യം തള്ളുന്നത് നിത്യസംഭവമാണ്. ദുർഗന്ധം മൂലം നാട്ടുകാർ നിരവധിതവണ മാലിന്യങ്ങൾ സംസ്കരിച്ചെങ്കിലും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്. നാവായിക്കുളം മങ്ങാട്ടുവാതുക്കൽ മുതൽ ഇരുപത്തിയെട്ടാംമൈൽ വരയുള്ള ഭാഗത്താണ് ബീയർ കുപ്പികളും പാഴ് വസ്തുക്കളും ബാഗുകൾ തുടങ്ങിയവ വലിയ ചാക്കുകളിലാക്കി റോഡിനോട് ചേർന്ന് തള്ളുന്നത്. പഞ്ചായത്തിൽ തെരുവ് നായകളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. മാലിന്യ നിക്ഷേപത്തിനെതിരെയും തെരുവ്നായ ശല്യത്തിനെതിരെയും അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.

തെരുവ് നായ്ക്കളും
റോഡരികിൽ അറവുമാലിന്യവും കൊണ്ടിടുന്നത് പതിവാണ്. അറവുമാലിന്യം തേടി തെരുവു നായകൾ കൂട്ടത്തോടെ എത്തും. റോഡരികിലെ കുറ്റിക്കാടുകൾ നായകളുടെ വിഹാരകേന്ദ്രമാണ്. നായകൾ കുറുകെചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രികർക്കുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത്. രൂക്ഷമായ ദുർഗന്ധവും പ്രദേശത്തുണ്ട്. തെരുവു നായകൾ മാലിന്യം കടിച്ചുവലിച്ച് ദേശീയ പാതയിലും മറ്റിടങ്ങളിലുമാണ് കൊണ്ടിടുന്നത്. റോഡിനിരുവശവും കാടുപിടിച്ച് കിടക്കുന്നതും ഈ ഭാഗങ്ങളിൽ വെളിച്ചമില്ലാത്തതും മാലിന്യം തള്ളുന്നവർക്ക് സഹായമാകുന്നു. വിജനമായ ഈ ഭാഗത്ത് വാഹനങ്ങളിൽ കൊണ്ടു വന്ന് മാലിന്യം തള്ളുന്നുണ്ട്.

സി.സി.ടിവി സ്ഥാപിക്കണം

മാലിന്യങ്ങൾ മാറ്റാനോ സംസ്കരിക്കാനോ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർക്കും കഴിയുന്നില്ല. നാട്ടുകാർ നിരവധി പരാതികളാണ് പഞ്ചായത്തിൽ നൽകിയത്. കുറ്റിച്ചെടികളും പുൽക്കൂട്ടവും നീക്കം ചെയ്യാനും നടപടി ഉണ്ടാകുന്നില്ല. ഇവിടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കാൻ ബുദ്ധിമുട്ടാണെന്നാണ് അധികൃതർ പറയുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് കാമറകൾ സ്ഥാപിച്ച് മാലിന്യ നിക്ഷേപകരെ കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്.

 കുന്നുകൂടി മാലിന്യം

പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിക്കാനുള്ള പദ്ധതികൾ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയെങ്കിലും പ്രവർത്തനം മന്ദഗതിയിലാണെന്നാണ് ആക്ഷേപം. ദേശീയപാതയോരത്ത് മാലിന്യം കുന്നുകൂടുകയാണ്. തോളൂർ മാലിന്യ നിക്ഷേപം വ്യാപകമായതോടെ പഞ്ചായത്തധികൃതർ അവിടെ കാമറ സ്ഥാപിച്ചതോടെ മാലിന്യ നിക്ഷേപം പൂർണ്ണമായും നിലച്ചിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ ചെയ്യാതെയും മറ്റും കാമറ പ്രവർത്തന രഹിതമായതോടെ മാലിന്യ നിക്ഷേപം വീണ്ടും പെരുകി. ഡീസന്റ്മുക്ക് പാറച്ചേരിയിലും, കപ്പാംവിള മുക്കട റോഡിലും, കോട്ടറക്കോണത്തും മാലിന്യ നിക്ഷേപം വ്യാപകമാണ്.