
കടൽക്കരയിലെ ദേവാലയങ്ങൾക്ക് പ്രത്യേക വശ്യതയും ചൈതന്യവുമാണെന്ന് സരസ്വതിടീച്ചർ പറഞ്ഞുകൊണ്ടിരുന്നു. ആ കാരണം കൊണ്ടു മാത്രം സന്ദർശിച്ചിട്ടുള്ള വ്യത്യസ്ത മതക്കാരുടെ ആരാധനാലയങ്ങളുടെ പേരുകൾ നിരത്തിയപ്പോൾ സുധാകരൻ അതിശയത്തോടെ കേട്ടിരുന്നു. ജങ്കാറിൽ കയറി അക്കരെയെത്തിയപ്പോൾ കുളിർമ്മയുള്ള കടൽക്കാറ്റ്. കടൽക്കാറ്റിനൊപ്പം നൂറുകണക്കിന് മണികളുടെ കിലുക്കവും കാതുകളെ തഴുകിപ്പോയി.
ടീച്ചറെന്ന് ചേർത്തുവിളിക്കാറുണ്ടെങ്കിലും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അറിയാം സരസ്വതി ഒരു പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് വിരമിച്ചതാണെന്ന്. പ്രായം എഴുപത് കഴിഞ്ഞെങ്കിലും ഇനി പത്തുവർഷമുണ്ടോ റിട്ടയർമെന്റിന് എന്ന് പലരും ചോദിക്കാറുണ്ട്. പ്രായത്തെ പടിയടച്ച് പുറത്താക്കിയ മുഖഭാവവും പുഞ്ചിരിയും. ഒരു പ്രാസംഗികയുടെ സംസാരശൈലി. കടലോര ദേവീക്ഷേത്രം കാണിക്കാനാണ് സുധാകരനെയും കുടുംബത്തെയും ക്ഷണിച്ചത്. വീടും പരിസരവും കണ്ടപ്പോഴേ സുധാകരന് അതിശയമായി. ഉൗറാവ്, പെരുംതുമ്പ, മഹാകൂവളം, അർബുദനാശിനി തുടങ്ങിയ അപൂർവം ചെടികളുടെ ഒരു കൂട്ടുകുടുംബമാണ് പറമ്പാകെ. ജീവിതപങ്കാളി അന്ത്യയാത്രയായിട്ട് ഒരു ദശാബ്ദത്തിലധികമായി. മക്കളിലൊരാൾ കുടുംബസമേതം വിദേശത്താണ്. അങ്ങോട്ടു ചെല്ലാൻ ഇടയ്ക്കിടെ ക്ഷണിക്കും. നിരസിക്കുമ്പോൾ സ്നേഹം കലർന്ന ശാസനയും പരിഭവവും പിണക്കവുമാകും. അമ്മ നാട്ടിൽ ഒറ്റയ്ക്കു കഴിയുന്നതിന്റെ ഉൽക്കണ്ഠയാണതിന് പിന്നിലെന്നറിയാം. പക്ഷെ കുടുംബവീടും കുടുംബാംഗങ്ങളായ ചെടികളെയും മരങ്ങളെയും പിരിയാൻ വയ്യ. വെള്ളം കുടിക്കാനെത്തുന്ന കിളികളും അണ്ണാറക്കണ്ണന്മാരുമുണ്ട്. അവരെയൊക്കെ പിരിയാൻ സരസ്വതിടീച്ചർക്ക് കഴിയില്ല. അക്കാര്യം പറഞ്ഞാൽ ഉറ്റവർ തന്നെ കളിയാക്കി ചിരിക്കും. ചിലർ ടീച്ചർ കാണാതെ പരസ്പരം നോക്കി കണ്ണിറുക്കും. വല്ലപ്പോഴും പറമ്പിൽ പാമ്പുകളെ കണ്ടെന്ന് വരും. തങ്ങളുടെ ഭാഷയിൽ സുപ്രഭാതമോ, ശുഭസായാഹ്നമോ പറഞ്ഞ് അവ പിരിയും. ചില രോഗങ്ങൾക്ക് എണ്ണകാച്ചികൊടുക്കും. തികച്ചും സൗജന്യമാണ്. പല മാറാരോഗങ്ങളും ഭേദമായവർ നിരവധി. അവർ ഉറ്റവരുമായി വരും. പബ്ലിസിറ്റിയോ പണമോ താത്പര്യമില്ലെന്ന് സരസ്വതിടീച്ചർ തുറന്നുപറയും. ഇങ്ങനെയുമുണ്ടോ ഇക്കാലത്തു മനുഷ്യർ എന്ന് പലരും അതിശയിക്കും. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിൽ ദാഹിച്ചു വലഞ്ഞെത്തുന്ന ബുദ്ധഭിക്ഷുവിന് കൈക്കുമ്പിളിലേക്ക് പളുങ്കുമണി പോലുള്ള ജലം പകരുന്ന മാതംഗിയുടെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിലയെത്ര? ടീച്ചർ സൗമ്യമായി ചിരിക്കും. മിനറൽ വാട്ടർ കുപ്പിവച്ച് അളന്നു തീർക്കാനാകുമോ ആ സ്നേഹമൂല്യം. ടീച്ചറുടെ ആ തമാശയിലുണ്ട് കാഴ്ചപ്പാടിന്റെ ആഴം.
സരസ്വതിടീച്ചറെ കണ്ടപ്പോൾ ക്ഷേത്രത്തിലെ പ്രധാന ഭാരവാഹി ഓടിയെത്തി. കൂടെ വന്നവരോട് ക്ഷേത്ര ചൈതന്യ മാഹാത്മ്യം വിശദീകരിച്ചു. ഹാളിൽ ദേവിക്കുള്ള പൂമാല കെട്ടിക്കൊണ്ടിരുന്ന ഒരു സാധു സ്ത്രീയെ ഭാരവാഹി വിളിച്ചു. കെട്ടിക്കൊണ്ടിരുന്ന മാലയുമായി അവർ ഓടിയെത്തി. ഭാരവാഹി ടീച്ചറെ പരിചയപ്പെടുത്തി. ടീച്ചർ രോഗം ഭേദപ്പെടുത്തിയ ബിജുവിന്റെ അമ്മയാണ്. അതുകേട്ടതും അവർ ഇരുകൈകളും നെഞ്ചോടു ചേർത്തു തൊഴുതു. കണ്ണുകൾ നിറഞ്ഞുതുളുമ്പി. ഭാരവാഹി മൊബൈലിൽ ബിജുവിന്റെ പല ഘട്ടങ്ങളിലുള്ള ചിത്രങ്ങൾ സുധാകരനെയും കുടുംബത്തെയും കാണിച്ചു. നോക്കാനറയ്ക്കുന്ന രൂപത്തിൽനിന്ന് സാധാരണ നിലയിലേക്കുള്ള രൂപാന്തരത്തിന്റെ ചിത്രങ്ങൾ. സോറിയാസിന്റെ ഉയർച്ച താഴ്ചകൾ.
മോനേ കണ്ടിട്ടുള്ളൂ. ആദ്യമായി കാണുകയാണ്. നിറഞ്ഞ ഭക്തിയോടെ ആ അമ്മ കൈയിലിരുന്ന പൂമാല സരസ്വതിടീച്ചറെ അണിയിച്ചു. ക്ഷേത്രത്തിലപ്പോൾ ദീപാരാധന നടക്കുകയായിരുന്നു. കടൽക്കാറ്റിൽ മണിനാദത്തിന്റെ തിരകൾ അലയടിച്ചു. കവിളിലെ ഈർപ്പം തുടച്ച സരസ്വതി ടീച്ചറെ നോക്കി ക്ഷേത്ര ഭാരവാഹി പറഞ്ഞു: ദേവി അണിയിച്ച മാലയായി കരുതിയാൽ മതി. അദ്ദേഹത്തിന്റെ ശബ്ദവും ഇടറിയിരുന്നു.
ഫോൺ: 9946108220