
കുന്നിക്കാട്: ഇളമ്പൽ ഗവ. യു.പി സ്‌കൂളിന് സമീപത്തെ വിളക്കുടി ഗ്രാമപഞ്ചായത്ത് കുളത്തിൽ ആരംപുന്ന ജീവൻ വില്ലയിൽ പ്രസാദ് - ലേഖ ദമ്പതികളുടെ മകൻ ജീവൻ (13) മുങ്ങിമരിച്ചു. സ്‌കൂളിൽ നിന്ന് ഇളമ്പലിലുള്ള ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെ കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുട്ടികൾ പിരിഞ്ഞുപോയശേഷം യൂണിഫോമും ചെരുപ്പും ബാഗും കിടക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാർ തെരച്ചിൽ നടത്തിയപ്പോഴാണ് കുളത്തിൽ വിദ്യാർത്ഥിയെ കണ്ടെത്തിയത്. പുനലൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തനാപുരം അഗ്നിരക്ഷാ സേനയും കുന്നിക്കോട് പൊലീസും സ്ഥലത്തെത്തി മറ്റ് കുട്ടികൾ അപകടത്തിൽപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തി. ട്യൂഷൻ സെന്ററിലെ അദ്ധ്യാപിക ബാഗ് പരിശോധിച്ചാണ് അപകടത്തിൽപ്പെട്ടത് ജീവനാണെന്ന് തിരിച്ചറിഞ്ഞത്. ചെമ്മന്തൂർ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സഹോദരി ഗംഗ.