വിതുര: വിതുര പഞ്ചായത്തിലെ മിക്ക മേഖലകളിലെയും തെരുവ് വിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങളേറയായി. പ്രധാന ജംഗ്ഷനുകൾ പോ‌‌ലും രാത്രിയിൽ ഇരുട്ടിന്റെ പിടിയിലാണ്. പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിലെ പ്രമുഖ ജംഗ്ഷനായ വിതുര കലുങ്കിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് ഒരു വർഷം കഴിഞ്ഞു. പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികളുടെ ഇടത്താവളമാണ് വിതുര കലുങ്ക് ജംഗ്ഷൻ. രാത്രിയിൽ ഇവിടെയെത്തുന്ന ടൂറിസ്റ്റുകളും ബസിറങ്ങുന്നവരും ഇരുട്ടിൽ തപ്പേണ്ട അവസ്ഥയാണ്. മലയോര ഹൈവേ നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരുവർഷം മുൻപ് കലുങ്ക് ജംഗ്ഷനിൽ നടത്തിയ റോഡ് വെട്ടിപ്പൊളിക്കലിന് ശേഷമാണ് ലൈറ്റ് കത്താതായത്. ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരിവ്യവസായികൾ ബന്ധപ്പെട്ടവർക്ക് പരാതിനൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ജംഗ്ഷൻ ഇരുട്ടിന്റെ പിടിയിലായതോടെ മോഷ്ടാക്കൾ തല പൊക്കി തുടങ്ങി. സാമൂഹ്യവിരുദ്ധരും പഞ്ചായത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തെരുവ് വിളക്കിന് പുറമേ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകളും കത്തുന്നില്ലെന്ന് പരാതിയുണ്ട്.