
വർക്കല: നീണ്ട 17 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇടവ ഗ്രാമപഞ്ചായത്തിലെ കാക്കുളം ഏലായിൽ നിന്നും നെൽകൃഷി വിളവെടുപ്പ് നടന്നു. സംസ്ഥാന സർക്കാരിന്റെ നൂറിന കർമ്മ പരിപാടിയിൽ ഉൾപെടുത്തി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലാണ് തരിശായിക്കിടന്ന കാക്കുളം ഏലായിൽ കൃഷിയിറക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്. കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെസ്സി. ബി, സജീന. എസ്, കൃഷിഓഫീർ സോണിയ. വി, അസി.കൃഷി ഓഫീസർ എൻ. സുരേഷ് എന്നിവർ പങ്കെടുത്തു. കാക്കുളം ഏലായുടെ നാലിലൊന്ന് ഭാഗത്ത് മാത്രമെ തുടക്കമെന്ന നിലയിൽ കൃഷിയിറക്കിയിരുന്നുള്ളു. ഏലായിലെ മുഴുവൻ കർഷകരെയും സംഘടിപ്പിച്ച് അടുത്ത തവണ മുഴുവൻ ഏലായിലും കൃഷിയിറക്കുമെന്ന് പ്രസിഡന്റ് ബാലിക് പറഞ്ഞു.