ബാലരാമപുരം: കാട്ടാക്കട മണ്ഡലത്തിലെ ലഹരിമുക്ത ക്യാമ്പെയിൻ ഇന്ന് രാവിലെ ഏഴിന് നരുവാമൂട് ട്രിനിറ്റി കോളേജ് ഗ്രൗണ്ടിൽ കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും, ഐ.ബി. സതീഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുക്കും. ലഹരിമുക്ത കാട്ടാക്കട മണ്ഡലം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണവും ലഹരി വിരുദ്ധ ക്യാമ്പയിനുകളും നടക്കും. ഇതിനായി മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 1500 വിദ്യാർത്ഥികളെ വോളന്റിയർമാരാക്കും. മണ്ഡലത്തിൽ നടപ്പിലാക്കുന്ന കൂട്ട് പദ്ധതിയുടെ ഭാഗമായാണ് ലഹരിമുക്ത ക്യാമ്പയിൻ നടപ്പിലാക്കുന്നത്. വിവിധ വകുപ്പുകളുടേയും മണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പി.ടി.എ കമ്മിറ്റികളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെയാണ് ക്യാമ്പെയിൻ നടപ്പിലാക്കുന്നത്. ക്യാമ്പെയിനിന്റെ ഭാഗമായി മണ്ഡലത്തിലെ സ്കൂളുകളിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ചിത്രരചന, ഉപന്യാസം, മാസ് പ്രശ്നോത്തരി എന്നീ മത്സരങ്ങൾ നേരത്തെ സംഘടിപ്പിച്ചിരുന്നു.